silverline

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സിൽവർലൈൻ സ്റ്റാൻഡേർഡ് ഗേജിൽ നിന്ന് മാറ്റി, നിലവിലെ റെയിൽവേ ലൈനുകളുടേതു പോലെ ബ്രോഡ്ഗേജിൽ വേണമെന്ന നിലപാടിൽ ഉറച്ച് റെയിൽവേ. ഇന്നലെ തിരുവനന്തപുരത്ത് നിർമ്മാണ വിഭാഗം ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയയുമായും ചീഫ്എൻജിനിയർമാരുമായും കെ-റെയിൽ അധികൃതർ നടത്തിയ ചർച്ചയിലാണ് റെയിൽവേ നിലപാട് ആവർത്തിച്ചത്.

ഇപ്പോഴുള്ള ഇരട്ടപ്പാതയ്ക്കരികിലൂടെ 160കി.മീ വേഗമുള്ള രണ്ട് ലൈനുകൾക്കായി സിൽവർലൈനിന്റെ ഡി.പി.ആർ മാറ്റാനാണ് റെയിൽവേയുടെ നിർദ്ദേശം. കെ-റെയിൽ ഡയറക്ടർ വി.അജിത്കുമാർ ചെന്നൈയിലായതിനാൽ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തില്ല.സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈനിന് അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനിവൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ വന്ദേഭാരതും ഗുഡ്‌സ് ട്രെയിനുകളുമോടിക്കാവുന്ന രണ്ട് ലൈനുകൾ അനുവദിക്കാമെന്നാണ് ദക്ഷിണ റെയിൽവേയുടെ നിലപാട്. ഈ ലൈനുകൾക്ക് 50കി.മി ഇടവിട്ട് നിലവിലെ പാതയിൽ കണക്ഷൻ വേണമെന്നും റെയിൽവേ ആവർത്തിച്ചു. 160കി.മി വേഗമുള്ള ട്രാക്കിന് കിലോമീറ്ററിന് 70കോടിയാണ് നിർമ്മാണച്ചെലവ്.

നേരത്തേ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേ കെ-റെയിലിന് കത്ത് നൽകിയിരുന്നു. തീരുമാനത്തിൽ മാറ്രം വരുത്താൻ റെയിൽവേ ബോ‌ർഡിന് മാത്രമാണ് അധികാരം. കെ-റെയിലിന്റെ സാങ്കേതികമായ സംശയങ്ങൾക്ക് റെയിൽവേ അധികൃതർ മറുപടി നൽകിയിട്ടുണ്ട്.