
രാജ്യത്തെ മുൻനിര അന്വേഷണ ഏജൻസിയായ സി.ബി.ഐ സംസ്ഥാന സർക്കാരിന് അപ്രിയമാണ്. സി.ബി.ഐ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ താത്പര്യം നടപ്പാക്കുന്ന ഏജൻസിയാണെന്നും കൂട്ടിലടച്ച തത്തയാണെന്നുമുള്ള സർക്കാർ നിലപാട് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയതാണ്. സി.ബി.ഐ അല്ല അന്വേഷണത്തിലെ അവസാന വാക്കെന്നാണ് സി.പി.എമ്മിന്റെയും നിലപാട്. ഇതോടെ കേരളത്തിലെ കോളിളക്കമുണ്ടാക്കിയ കേസുകളിൽ സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തെ കോടതിയിൽ എതിർക്കുകയാണ് സർക്കാർ. കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ഭാര്യയുടെ ഹർജിയിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാടെടുത്തത്.
പൊലീസ് അന്വേഷണത്തിൽ വീഴ്ചകളൊന്നുമില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. അതിനാലാണ് സി.ബി.ഐ അന്വേഷണത്തിനുള്ള സാഹചര്യമില്ലെന്ന് കോടതിയെ അറിയിച്ചത്. മരണം കൊലപാതകമാണെന്ന ആരോപണവും പൊലീസ് പരിശോധിക്കും. സി.ബി.ഐ അന്വേഷണം വേണമെന്നതിൽ സർക്കാരിനോട് വിശമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശിച്ചിരുന്നു.
സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും തള്ളിയിരുന്നു. അതേസമയം, എ.ഡി.എം കേസ് അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരിക്കുകയാണ്. ഇനി ഹൈക്കോടതിയുടെ ഉത്തരവോടെയാവും ഇക്കാര്യത്തിൽ തീരുമാനമാവുക.
അടുത്തിടെയായി സി.ബി.ഐ അന്വേഷണ ആവശ്യം സർക്കാർ അംഗീകരിക്കുന്നില്ല. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് മാർച്ചിൽ സി.ബി.ഐ ഏറ്റെടുത്തിരുന്നു. സമ്മർദ്ദം കനത്തപ്പോൾ സി.ബിഐ അന്വേഷണത്തിന് സർക്കാർ വിജ്ഞാപനമിറക്കിയെങ്കിലും രേഖകൾ സി.ബി.ഐയ്ക്ക് കൈമാറുന്നത് വൈകിപ്പിച്ചു. ഒടുവിൽ ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്താണ് തലയൂരിയത്. കോഴിക്കോട്ടെ മാമി തിരോധാനക്കേസ് പൊലീസ് ശുപാർശ ചെയ്തിട്ടും സി.ബി.ഐയ്ക്ക് വിടാൻ സർക്കാർ തയ്യാറായില്ല. എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരേ ആരോപണമുയരുന്ന, കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിന്റെ(മാമി) തിരോധാനക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടാണ് സി.ബി.ഐ അന്വേഷണത്തിന് സർക്കാർ തടയിട്ടത്.
ഒരു വൻകിട രജിസ്ട്രേഷൻ നടത്താനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ആഗസ്റ്റ് 21ന് വീട്ടിൽ നിന്നുപോയ മാമിയെ ഇതുവരെ കണ്ടെത്താനാവാത്തതിനാൽ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് മലപ്പുറം എസ്.പി എസ്.ശശിധരൻ ഡി.ജി.പിക്ക് ശുപാർശ നൽകിയിരുന്നു. ഡി.ജി.പിയും ഇതിനെ പിന്തുണച്ചു. എന്നാൽ പൊലീസുന്നതൻ ഇടപെട്ടതോടെ ക്രൈംബ്രാഞ്ച് മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മാമിയുടെ ഭാര്യ റുക്സാനയുടെ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഇത്. മാമിയുടെ തിരോധാനത്തിലെ സത്യം കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടതിനാൽ അന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്ക് വിടുമെന്നുറപ്പായതോടെയാണ് തിടുക്കത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഹൈക്കോടതിയിൽ ക്രൈം ബ്രാഞ്ചന്വേഷണം ചൂണ്ടിക്കാട്ടി സി.ബി.ഐയെ എതിർക്കുകയായിരുന്നു ലക്ഷ്യം. അത് ഫലം കണ്ടു. വിവാദമായ തിരോധാനക്കേസുകൾ സി.ബി.ഐ ഏറ്റെടുക്കാറുണ്ട്. പത്തനംതിട്ടയിൽ നിന്നും കാണാതായ ജെസ്ന, ആലപ്പുഴയിലെ രാഹുൽ കേസുകൾ ഉദാഹരണം. ഇതും സി.ബി.ഐയ്ക്ക് തടയായി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു.
കേസിനും പ്രോസിക്യൂഷനും
അനുമതിയില്ല
നിലവിൽ സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കസ്റ്റഡിക്കൊല, അഴിമതി കേസുകളിൽ കുറ്റപത്രത്തിനും പ്രോസിക്യൂഷനും അനുമതി നൽകാതെ സി.ബി.ഐയ്ക്ക് പൂട്ടിടുകയാണ് സർക്കാർ.
സ്വന്തംനിലയിൽ കേസെടുത്ത് അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് മുൻകൂറായി നൽകിയിരുന്ന പൊതു അനുമതി സർക്കാർ പിൻവലിച്ചിട്ടുണ്ട്. ഇതോടെ ഓരോ കേസിനും സി.ബി.ഐയ്ക്ക് അനുമതി വേണം. കേസെടുക്കാനുള്ള സി.ബി.ഐയുടെ ഭൂരിഭാഗം അപേക്ഷകളും സർക്കാർ നിരസിക്കുകയാണ്. വിമാനത്താവളങ്ങളിലെ സ്വർണക്കടത്ത് അടക്കം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തമുള്ള അഴിമതികളും അന്വേഷിക്കാനാവുന്നില്ല.
കസ്റ്റഡി മരണക്കേസുകളിലും വമ്പൻ അഴിമതികളിലും പ്രോസിക്യൂഷൻ അനുമതിയും നൽകുന്നില്ല. തിരുവല്ലം സ്റ്റേഷനിലെ കസ്റ്റഡി മരണക്കേസിൽ മൂന്നു പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐ രണ്ടാംവട്ടവും അനുമതി തേടിയിരിക്കുകയാണ്. 500കോടിയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 1.17കോടിയുടെ സ്വർണക്കടത്തിൽ കരിപ്പൂരിലെ 9കസ്റ്റംസുകാർക്കെതിരെയും കേസെടുക്കാൻ അനുമതി കിട്ടിയില്ല. 102കോടിയുടെ മണ്ണുത്തി- അങ്കമാലി ദേശീയപാതാ നിർമ്മാണ അഴിമതിക്കേസിൽ 8എൻ.എച്ച് ഉദ്യോഗസ്ഥർക്കെതിരേ കുറ്റപത്രം നൽകിയെങ്കിലും പ്രോസിക്യൂഷൻ അനുമതിയില്ല.
സി.ബി.ഐ
വേണമെന്ന് വിജിലൻസ്
അതേസമയം, കേന്ദ്ര ഉദ്യോഗസ്ഥരുടെ കൈക്കൂലിക്കേസുകൾ ഏറ്റെടുക്കണമെന്ന് വിജിലൻസ്, സി.ബി.ഐയോട് ആവശ്യപ്പെടുന്നുണ്ട്. അടുത്തിടെ ഒരു ലക്ഷം രൂപ കൈക്കൂലിയുമായി സെൻട്രൽ എക്സൈസ് എസ്.പി പ്രവീന്ദർ സിംഗ് പിടിയിലായ കേസ് ഏറ്റെടുക്കണമെന്ന് സി.ബി.ഐയ്ക്ക് വിജിലൻസ് കത്ത് നൽകിയിരുന്നു. കേന്ദ്ര ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകൾ സി.ബി.ഐയാണ് അന്വേഷിക്കാറുള്ളത്. സി.ബി.ഐ കേസ് ഏറ്റെടുത്തില്ലെങ്കിൽ വിജിലൻസ് കുറ്റപത്രം നൽകും. പക്ഷേ വിചാരണ ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ അനുമതി നേടണം. പി.ഡബ്ല്യു.ഡി കരാറുകാരനായ ജെയ്സൺ ജോയ് എന്നയാളുടെ പരാതിയിലാണ് പ്രവീന്ദർ സിംഗ് പിടിയിലായത്. 3.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സിംഗ്, ഒരു ലക്ഷം രൂപ വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലാവുകയായിരുന്നു. അഴിമതി നടന്നത് കേരളത്തിലായതിനാൽ കേസെടുക്കാൻ വിജിലൻസിന് അധികാര പരിധിയുണ്ട്.
നിക്ഷേപ തട്ടിപ്പുകൾ
സി.ബി.ഐയ്ക്ക്
അന്തർസംസ്ഥാന ബന്ധമുള്ള നിക്ഷേപത്തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പോപ്പുലർ ഫിനാൻസ്, യുണിവേഴ്സൽ, ആർ-വൺ കേസുകൾ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽനിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സർക്കാർ നേരത്തേ വിജ്ഞാപനമിറക്കിയിരുന്നു. ബാങ്കിലെ ക്ലാർക്ക് വിജീഷാണ് തട്ടിപ്പ് നടത്തിയത്. പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് വിശദ അന്വേഷണത്തിനായി സി.ബി.ഐയ്ക്ക് കൈമാറിയത്. മൂന്നുകോടിക്ക് മുകളിലുള്ള, പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് സി.ബി.ഐയാണ് അന്വേഷിക്കാറുള്ളത്.