
കല്ലമ്പലം: ബലക്ഷയം ബാധിച്ച കുണ്ടുമൺ കാവ് പാലം പുനർ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നാവായിക്കുളം, ചെമ്മരുതി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മാവിൻമൂട് പറകുന്നിന് സമീപത്തെ കുണ്ടുമൺ കാവ് പാലമാണ് ജീർണ്ണാവസ്ഥയിലുള്ളത്. അര നൂറ്റാണ്ടിനുമേൽ പഴക്കമുള്ള പാലത്തിന്റെ ബലക്ഷയം പരിശോധിക്കണമെന്ന് നാട്ടുകാർ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കാലപ്പഴക്കം കൊണ്ട് കൈവരികൾ തകർന്ന നിലയിലാണ്. പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുവീഴാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ബസുകളടക്കം നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
 പാലം അപകടാവസ്ഥയിൽ
വലിയ വാഹനങ്ങൾ കയറുമ്പോൾ പാലത്തിന് കുലുങ്ങും. സമീപത്തെ റോഡുകൾ നവീകരിച്ചെങ്കിലും പാലം പഴയപടിതന്നെ. പാലത്തിലെ കൈവരികൾക്ക് സമീപം നിറയെ കാടുകൾ വളർന്ന നിലയിലാണ്. ഇവിടെ മാലിന്യ നിക്ഷേപവും വ്യാപകമാണ്. ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി പാലം നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.