
തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെ ഇരുപതോളം ക്ഷേത്രങ്ങളുടെ ചടങ്ങുകളിൽ കേരള പൊലീസ് നൽകിവരുന്ന ഗാർഡ് ഒഫ് ഓണർ നിറുത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം ഭരണസമിതിയംഗം കരമന ജയൻ ആവശ്യപ്പെട്ടു. തിരുവിതാംകൂർ മഹാരാജാവും കൊച്ചി മഹാരാജാവും തങ്ങളുടെ അധീനതയിലുള്ള ക്ഷേത്രങ്ങൾ സ്വാതന്ത്ര്യത്തിനുശേഷം കൈമാറിയപ്പോൾ ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്തരുതെന്ന് നിഷ്‌കർഷിച്ചിരുന്നു. ഇതിനാലാണ് ദേവന്മാർക്ക് നൽകിവന്നിരുന്ന ഗാർഡ് ഒഫ് ഓണർ തുടർന്നു പോന്നിരുന്നത്. ആഭ്യന്തരവകുപ്പിന്റെ പുതിയ തീരുമാനം ഭക്തജനങ്ങളുടെ വികാരത്തിനെതിരാണ്.