തിരുവനന്തപുരം: സ്മാർട്ട് സിറ്റി കരാറുകാർ നിർമ്മാണ സാമഗ്രികൾ എത്തിക്കാത്തതിനെ തുടർന്ന് ജനറൽ ആശുപത്രിക്ക് മുന്നിലും വഞ്ചിയൂർ റോഡിലുമായി നടത്തിയ പൈപ്പ്‌ലൈൻ പണി പാതിവഴിയിൽ നിറുത്തി. ഇതുമൂലം പ്രധാന പൈപ്പിൽ നിന്ന് വഞ്ചിയൂർ റോഡിലേക്കുള്ള 300 എം.എം പൈപ്പ് കണക്ഷനും ജനറൽ ആശുപത്രിയിലേക്ക് ജലവിതരണം മെച്ചപ്പെടുത്താനുള്ള പണിയും താത്കാലികമായി മാറ്റിവച്ചു. അതേസമയം, അടിയന്തര പണികൾ പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിച്ചതായും ഇന്ന് രാവിലെയോടെ എല്ലായിടത്തും വെള്ളമെത്തുമെന്നും വാട്ടർ അതോറിട്ടി അറിയിച്ചു.

സ്മാർട്ട് സിറ്റി റോഡ‌് നവീകരണ പദ്ധതിയുടെ ഭാഗമായി പഴക്കമേറിയ 450 എം.എം കാസ്റ്റ് അയൺ പൈപ്പ്‌‌ലൈൻ ഡികമ്മിഷൻ ചെയ്യൽ,ജനറൽ ആശുപത്രി - വഞ്ചിയൂർ റോഡിലെ 300 എം.എം ഡി.ഐ പൈപ്പ് മെയിൻ റോഡിലെ 500 എം.എം കാസ്റ്റ് അയൺ പൈപ്പുമായി ബന്ധിപ്പിക്കൽ, ജനറൽ ആശുപത്രിയിലേക്കുള്ള വിതരണം മെച്ചപ്പെടുത്തൽ എന്നിവയാണ് ഇന്നലെ നടത്തുന്നതിനായി നിശ്ചയിച്ചിരുന്നത്.

എന്നാൽ രണ്ട് ഇന്റർകണക്ഷൻ പ്രവൃത്തികൾക്കുള്ള ടി പോയിന്റുകൾ പണി തുടങ്ങിയ ശേഷവും ലഭ്യമായില്ല. തുടർന്ന് പണി മാറ്റിവയ്ക്കുകയായിരുന്നു. കൂടാതെ, വഞ്ചിയൂരിലേക്കുള്ള പൈപ്പ് ലൈനിൽ കൂടുതൽ പണികളുണ്ടായിരുന്നെന്നും ഇവ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് കരാറുകാർ പറയുന്നത്. ഇത് പിന്നീട് എം.എൽ.എ ഹോസ്റ്റലിന് സമീപത്തുള്ള വാൽവ് നിറുത്തി പണി പൂർത്തിയാക്കും.

അതേസമയം, ജനറൽ ആശുപത്രിയിലേത് കൂടാതെ മാനവിയം വീഥി,ഗണപതി കോവിൽ,ഗാന്ധിഭവൻ,ശാസ്താംകോവിൽ എന്നിവിടങ്ങളിലെ പഴയ ലൈനുകൾ ഡീകമ്മിഷനിംഗ് പൂർത്തിയാക്കിയതായി വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. ട്യൂട്ടേഴ്സ് ലൈനിലെ ജലവിതരണ ത‌ടസം പരിഹരിക്കുന്നതിന് ഇന്ന് നടപടിയെടുക്കും.