
വിഴിഞ്ഞം: അപകടത്തിൽപ്പെട്ടവരുമായി പോയ ആംബുലൻസ് ഇന്ധനം തീർന്ന് വഴിയിലായ സംഭവത്തിൽ പെട്രോൾ നിറച്ച പമ്പ് പൂട്ടി.
അളവുതൂക്ക വിഭാഗം അധികൃതരെത്തി പരിശോധിച്ച ശേഷം ക്രമേക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി മുക്കോലയിലെ പമ്പിലാണ് സംഭവം.
500 രൂപയ്‌ക്ക് പെട്രോളടിച്ച ശേഷം അപകടത്തിൽ പരിക്കേറ്റയാളുമായി നഗരത്തിലെ ആശുപത്രിയിലേക്ക് പോകവേ ഈഞ്ചയ്ക്കലിൽ വച്ച് ആംബുലൻസ് നിന്നു. ഇന്ധന ബിൽ പരിശോധിച്ചപ്പോൾ 2.14 രൂപയ്ക്കുള്ള പെട്രോൾ മാത്രമാണ് അടിച്ചതെന്നും ബില്ലിൽ 0.02 ലിറ്ററാണ് അളവു കാണിച്ചിട്ടുള്ളതെന്നും മനസിലായതായി ഡ്രൈവർ പറഞ്ഞു. 500 രൂപ പമ്പ് ജീവനക്കാർ വാങ്ങുകയും ചെയ്‌തു. വാഹനം നിന്നതിനെ തുടർന്ന് രോഗിയെ മറ്റൊരു ആംബുലൻസിൽ കയറ്റി വിട്ടശേഷം പമ്പിലെത്തി വിവരം പറഞ്ഞു.
ഇന്ധനം നിറച്ചതിൽ ക്രമക്കേടാരോപിച്ച് നാട്ടുകാർ രാത്രി പമ്പ് ഉപരോധിക്കുന്നതിനിടെ വാക്കേറ്റമായതോടെ വിഴിഞ്ഞം പൊലീസും സ്ഥലത്തെത്തി. പമ്പിനെക്കുറിച്ച് നേരത്തെയും പരാതികളുണ്ടായിരുന്നെന്ന് സമരക്കാർ പറഞ്ഞു. വിവരമറിഞ്ഞ് അളവുതൂക്ക വിഭാഗത്തിന്റെ ഫ്ലൈയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ പി.എസ്.പ്രദീപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്തിയതിൽ ആവശ്യപ്പെടുന്ന അളവിലും കുറച്ചാണ് രണ്ട് ബൂത്തുകളിലും ഇന്ധനം നിറയ്‌ക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇൻസ്‌പെക്‌ടർ ബി.പ്രിയ,ഇൻസ്‌പെക്ടർ അസി.എം.നഹാസ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ക്രമക്കേട് പരിഹരിച്ചശേഷം പരിശോധന നടത്തി പ്രവർത്തനാനുമതി നൽകുമെന്ന് അധികൃതർ പറഞ്ഞു.