1

നെയ്യാറ്റിൻകര: അമിതഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുന്ന അമരവിള ടൈൽ ഫാക്ടറി റോഡ് തകർന്നു തരിപ്പണമായി. ടോറസ് ലോറികളും മറ്റും അമിതഭാരം കയറ്റി ഇതുവഴി കടന്നു പോകുന്നതാണ് റോഡ് തകരാൻ കാരണമായത്. സ്കൂൾ സമയങ്ങളിലും മറ്റും അപകടകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോകുന്നത് നിയന്ത്രിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നും ആക്ഷേപമുണ്ട്. തമിഴ്നാട്ടിൽ അമിതഭാരം കയറ്റിയ ട്ടോറസ് ലോറികളെ നിയന്ത്രിച്ചതോടെ അമരവിളയും പരിസരപ്രദേശങ്ങളും ഇവരുടെ കേന്ദ്രങ്ങളായി മാറി.

കരിങ്കല്ലും മെറ്റലും പാറപ്പൊടിയും എംസാന്റും പീസാന്റും അടക്കമുള്ളവ തമിഴ്നാട്ടിൽ നിന്നും അനുവദനീയ അളവിൽ കൊണ്ടുവന്ന് വലിയ ഗോഡൗണിലെത്തിച്ചശേഷം അവിടെനിന്ന് ടോറസ് ലോറികളിൽ അമിതഅളവിൽ കയറ്റിക്കൊണ്ടു പോകുന്നതാണ് പതിവ്. കാട്ടിലുവിളയിലും സമീപ പ്രദേശങ്ങളിലും ഇത്തരം ഏജൻസികൾ സജീവമാണ്. തിരുവനന്തപുരം സിറ്റിയിലും, കൊല്ലം വരെയുള്ള സ്ഥലങ്ങളിലേക്കാണിവ കൊണ്ടുപോകുന്നത്. വെളുപ്പിന് 4ഓടെ ആരംഭിക്കുന്ന കടത്ത് പകൽ ഓഫീസ് സമയം മാത്രം നിറുത്തിവയ്ക്കും. 5 മണിമുതൽ വീണ്ടും ആരംഭിക്കും.

ബോർഡുണ്ടെങ്കിലും

ചെങ്കൽ പഞ്ചായത്തിലെ റോഡുകളിൽ 10 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകാൻ പാടില്ലെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ തുടർനടപടിയൊന്നും പഞ്ചായത്ത് അധികൃതർ സ്വീകരിച്ചിട്ടില്ല. തമിഴ്നാട്ടുകാരുടെ ബിനാമികളായ തദ്ദേശവാസികളുടെ പേരിൽ ഒരു വർഷം 20000 മെട്രിക്ക് ടൺ പാറപ്പൊടി ശേഖരിക്കാൻ പൊല്യൂക്ഷൻ, ജിയോളജി വകുപ്പുകളുടെ അനുമതി എടുത്തിട്ടുണ്ട്. എന്നാൽ ഇവർക്ക് പഞ്ചായത്ത് ലൈസൻസ് ഇല്ല.

പഞ്ചായത്ത്, പി.ഡബ്യൂ.ഡി റോഡുകളെ തകർക്കുന്ന ലോറികളുടെ പാച്ചിൽ നിയന്ത്രിക്കാൻ അധികൃതർ തയ്യാറാകണം. സ്കൂൾ സമയങ്ങളിൽ ചെറിയ റോഡിലൂടെയുള്ള ലോറികളുടെ സഞ്ചാരം സ്കൂൾ, കോളേജ് വാഹനങ്ങൾ പോകുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അടിയന്തര നടപടി വേണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ പറഞ്ഞു.