
തിരുവനന്തപുരം: പട്ടിക വിഭാഗ സംവരണത്തിൽ മേൽത്തട്ട് പരിധി ഏർപ്പെടുത്തുന്നതിനും ഉപസംവരണത്തിനും സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന 2024 ഓഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരക്കിട്ട നടപടികളിലേക്ക് കടക്കരുതെന്നാവശ്യപ്പെട്ട് പട്ടികജാതി-പട്ടിക വർഗ്ഗ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരേസമയം സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും മാർച്ച് സംഘടിപ്പിക്കുന്നു.
മനുഷ്യാവകാശദിനമായ ഡിസംബർ 10-ന് നടക്കുന്ന 'പ്രതിഷേധ സാഗര'ത്തിൽ സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം ഒരു ലക്ഷത്തിൽപ്പരംപേർ റോഡിൽ അണിനിരക്കുമെന്ന് സംയുക്ത സമിതി കോ ഓർഡിനേറ്റർ എ.സനീഷ് കുമാർ, ട്രഷറർ എം.ടി.സനേഷ്, വൈസ് ചെയർമാൻ എൻ.കെ. അനിൽകുമാർ, ജോയിന്റ് കൺവീനർ രതീഷ് പട്ടണക്കാട്, എക്സിക്യൂട്ടീവ് അംഗം എസ്.ആർ. സുരേഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ 27 പട്ടികജാതി-പട്ടികവർഗ സമുദായ സംഘടനകളുടെ അംഗങ്ങൾ പ്രതിഷേധ സാഗരത്തിൽ പങ്കെടുക്കും. രാജ്ഭവന് മുന്നിലെ പ്രതിഷേധ സമരം സംയുക്ത സമിതി ജനറൽ കൺവീനറും കെ.പി.എം.എസ് ജനറൽ സെക്രട്ടറിയുമായ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാനും സി.എസ്.ഡി.എസ് പ്രസിഡന്റുമായ കെ.കെ.സുരേഷ് അദ്ധ്യക്ഷനാകും. ഇന്നും നാളെയും സംസ്ഥാനത്തൊട്ടാകെ വീടുകളിലും തെരുവുകളിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാലകളും നടത്തും.
സുപ്രീം കോടതി വിധിക്കെതിരെ പട്ടിക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പാർലമെന്റും സംസ്ഥാന സർക്കാരും ഒരുപോലെ നിയമം പാസാക്കണമെന്ന് സമിതി നേതാക്കൾ ആവശ്യപ്പെട്ടു. കോടതി വിധി പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകിയിരുന്ന സംവരണ സംരക്ഷണത്തിന് എതിരാണ്. സമരപരിപാടികളുടെ ആദ്യഘട്ടമായി ആവശ്യങ്ങളുന്നയിച്ച് 10 ലക്ഷം പോസ്റ്റ് കാർഡുകളും ആറു ലക്ഷത്തിൽപ്പരം ഇ-മെയിലുകളും നവംബർ 20 മുതൽ 26 വരെ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിക്കും അയച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.