
കിഴക്കേകോട്ടയിൽ ട്രാഫിക് സിഗ്‌നലിന് മുന്നിലെ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു നടന്ന ബാങ്ക് ഉദ്യോഗസ്ഥൻ രണ്ട് ബസുകളുടെ ഇടയിൽ കുരുങ്ങി മരിച്ച സംഭവം അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. കെ.എസ്.ആർ.ടി.സി ബസുകളും പ്രൈവറ്റ് ബസുകളും തമ്മിലുള്ള മത്സരം അവസാനിപ്പിക്കാൻ നടപടിയെടുത്തില്ലെങ്കിൽ ഇനിയും ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ അവിടെ ആവർത്തിക്കാനിടയുണ്ട്. ചാല ജുമാ മസ്‌ജിദിൽ നിന്ന് നിസ്‌കാരം കഴിഞ്ഞിറങ്ങിയ ഇരവിപുരം സ്വദേശിയായ ഉല്ലാസ് റോഡിനപ്പുറമുള്ള കേരള ബാങ്ക് റീജിയണൽ ഓഫീസിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ തല ഞെരിഞ്ഞമർന്ന് തറയിൽ വീണ ഉല്ലാസ് അൽപസമയത്തിനുള്ളിൽ തന്നെ മരണമടയുകയാണുണ്ടായത്. യാത്രക്കാർ ബഹളം വച്ചപ്പോഴാണ് ഇരു ബസുകളിലെയും ഡ്രൈവർമാർ അപകടവിവരം അറിയുന്നത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ട്രാൻസ്‌പോർട്ട് മന്ത്രി ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് മാത്രം കിഴക്കേകോട്ടയിലെ പ്രശ്നം പരിഹരിക്കാനാവില്ല.
കാൽനടയാത്രക്കാർക്ക് വർഷങ്ങളായി കിഴക്കേകോട്ട ഒരു മരണക്കെണിയായി തുടരുകയാണ്. ഓരോ തവണ അപകടങ്ങൾ സംഭവിക്കുമ്പോൾ താത്‌കാലികമായ ചില ക്രമീകരണങ്ങൾ വരുത്തുമെന്നല്ലാതെ ശാശ്വതമായ ഒരു പരിഹാരം ഈ പ്രശ്നത്തിന് ഉണ്ടാക്കാൻ അധികൃതർ ശ്രമിക്കാറില്ല. റോഡ് മുറിച്ചുകടക്കുന്നവരാണ് ഇവിടെ അപകടത്തിൽ മരിച്ചവരിൽ ഏറെയും. സ്ഥല വിസ്‌തൃതിയില്ലായ്മയാണ് ഇവിടത്തെ പ്രധാന പ്രശ്നം. റോഡിൽ തന്നെയുള്ള ബസ്‌സ്റ്റാൻഡിന് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ എത്രയോ ഇരട്ടി വാഹനങ്ങളാണ് ഇവിടെ വരികയും പോവുകയും ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ പോകാൻ തുടങ്ങുമ്പോൾ അതിന് കടന്നുപോകാൻ കഴിയാത്ത രീതിയിൽ പ്രൈവറ്റ് ബസുകൾ വളച്ചിടുന്നത് ഇവിടത്തെ ഒരു പതിവ് കാഴ്ചയാണ്. കെ.എസ്.ആർ.ടി.സി ബസ് മുന്നോട്ടെടുത്തപ്പോൾ കടന്നുപോകാൻ പറ്റാത്ത രീതിയിൽ ഒരു പ്രൈവറ്റ് ബസ് സ്‌പീഡിൽ വന്ന് വലത്തേക്ക് വളച്ചതാണ് ഉല്ലാസിന്റെ മരണത്തിന് ഇടയാക്കിയത്. 2018-ൽ ഒരു സ്‌ത്രീ ഇവിടെ ബസപകടത്തിൽ മരണമടഞ്ഞതിനെത്തുടർന്ന് ചില പരിഷ്‌കാരങ്ങളൊക്കെ ഏർപ്പെടുത്തിയിരുന്നെങ്കിലും അതൊന്നും പിന്നീട് മുന്നോട്ട് പോകാതെ എല്ലാം പഴയപടിയായി മാറുകയാണ് ഉണ്ടായത്.
കിഴക്കേകോട്ടയിലെ ബസ് ടെർമിനൽ ഈഞ്ചയ്ക്കലിലേക്ക് മാറ്റിസ്ഥാപിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. കിഴക്കേകോട്ടയുടെ സമ്പൂർണ വികസനത്തിനുള്ള പദ്ധതി പല കാരണങ്ങളാൽ നടപ്പാക്കാത്തതാണ് അവിടത്തെ ട്രാഫിക് കുരുക്കിനും അപകടങ്ങൾക്കും കാരണമെന്നാണ് തിരുവനന്തപുരം റോഡ് വികസന കോർപ്പറേഷൻ അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നത്.
അടിയന്തരമായി പൊലീസ് ഇടപെട്ട് ട്രാൻസ‌്‌പോർട്ട് - പ്രൈവറ്റ് ബസുകളുടെ മത്സരമാണ് ആദ്യം ഒഴിവാക്കേണ്ടത്. പലപ്പോഴും ഒരേ സ്ഥലത്തേക്കുള്ളതാണ് ഇരു ബസുകളുമെങ്കിൽ ഈ മത്സരം കൂടുതലായിരിക്കും. ട്രാൻസ്‌പോർട്ട് ബസുകളുടെ മുന്നിലൂടെ കടന്നുവേണം പ്രൈവറ്റ് ബസിൽ കയറാൻ. ഇത് അപകടസാദ്ധ്യത കൂട്ടുന്നു. ഗാന്ധിപാർക്കിനടിയിൽ ഒരു മാർക്കറ്റും അങ്ങോട്ട് പോകാൻ ഒരു സബ് വേയും നിർമ്മിക്കുമെന്ന് വാർത്തകൾ നേരത്തെ വന്നിട്ടുണ്ടെങ്കിലും പിന്നീട് അത്തരം പദ്ധതികളെല്ലാം നിർജ്ജീവമായ മട്ടാണ്. ഇതിനേക്കാൾ തിരക്കുള്ള പല നഗരങ്ങളിലെയും ഇത്തരം ജംഗ്‌ഷനുകളിലെ പ്രശ്നം വിശദമായ പദ്ധതി തയ്യാറാക്കി പരിഹരിച്ചിട്ടുള്ളതാണ്. അടിപ്പാത വേണോ മേൽപ്പാത വേണോ എന്നൊക്കെ തീരുമാനിക്കേണ്ടത് വിദഗ്ദ്ധരാണ്. സർക്കാരിന്റെയും കോർപ്പറേഷന്റെയും സത്വര ശ്രദ്ധ ഇക്കാര്യത്തിൽ പതിയേണ്ടതുണ്ട്. ഇതുപോലുള്ള ദാരുണമരണങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ അത് അനിവാര്യമാണ്.