
നെയ്യാറ്രിൻകര: നെയ്യാറ്റിൻകര ആലുംമൂട്ടിലെ റോഡിലേക്ക് മലിനജലം ഒഴുക്കി വിടുന്നത് പതിവാകുന്നു. കരമന കളിയിക്കാവിള ദേശീയപാതയിലെ ആലുംമൂട് ജംഗ്ഷനിലാണ് സംഭവം. സമീപത്തെ 15 ഓളം വീടുകളിൽ നിന്നുള്ളതും ആലുംമൂട്ടിലെ സ്വകാര്യ ബാറിലെയും ഒരു ലോഡ്ജിലെയും മലിനജലമാണ് ഒഴുക്കിവിടുന്നത് പതിവായിട്ടുള്ളത്. നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യവിഭാഗത്തിന് സംഭവമറിയാമെങ്കിലും നടപടിയെടുക്കാൻ തയ്യാറല്ല.
വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയാത്രക്കാർക്കുമേൽ മലിനജലം തെറിക്കുന്നുണ്ട്. മലിനജലം ഒഴുക്കുന്നവരുടെ വിവരം ശേഖരിച്ചു തുടങ്ങിയെന്നുപറയുന്നുണ്ടെങ്കിലും നഗരസഭയിലെ ജെ.എച്ച്.ഐമാർ മലിനജലം ഒഴുക്കിവിടുന്ന എല്ലാ വീടുകളെയും സ്ഥാപനങ്ങളെയും കണ്ടെത്തുകയോ വിവരം ശേഖരിക്കുകയോ ചെയ്തിട്ടില്ല. കുറച്ചുപേർക്ക് മാത്രം നോട്ടീസ് നൽകി മടങ്ങുകയാണുണ്ടായത്.
റോഡിലേക്ക് പി.വി.സി പൈപ്പിലൂടെ മലിനജലം ഒഴുക്കിവിടുന്ന എല്ലാവരെയും കണ്ടെത്തി നോട്ടീസ് കൊടുക്കാനും ഓടയിലേക്കും റോഡിലേക്കുമുള്ള പൈപ്പുകൾ അടയ്ക്കാനും നഗരസഭ ആരോഗ്യ വിഭാഗം തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രവർത്തകരായ നെയ്യാറ്റിൻകര സുരേഷ്, സജു എന്നിവർ നെയ്യാറ്റിൻകര നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
മലിനജലം രോഗങ്ങൾ പടർത്തും
മാസം ഒന്നു കഴിഞ്ഞിട്ടും നഗരസഭയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തിട്ടില്ല. മഴയില്ലാത്തപ്പോഴും ആലുംമൂട്ടിൽ മലിനജലം കെട്ടിക്കിടക്കുന്നത് പതിവാണ്. നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന റോഡിൽ ഇത് ചവിട്ടിവേണം പോകാൻ. ദുർഗന്ധമുള്ള മലിനജലം പലരോഗങ്ങളും പടർത്താൻ സാദ്ധ്യതയുണ്ട്. മലിനജലം കെട്ടിക്കിടപ്പുള്ളയിടത്താണ് പൊതുടാപ്പ് സ്ഥാപിച്ചിരിക്കുന്നത്. ശക്തമായ നടപടികൾ നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.
ആവശ്യംശക്തം
മഴവെള്ളം ഒഴുകേണ്ട ഓടയിലേക്കാണ് സമീപത്തെ വീടുകളിലെയും ബാറിലെയും ശൗചാലയങ്ങളിലെയും മലിനജലം പൈപ്പിലൂടെ റോഡിലേക്ക് ഒഴുക്കുന്നത്. അടിയന്തരമായി ഇവയെല്ലാം അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒഴുക്കിവിടുന്ന മാലിനജലം തടയാനുള്ള നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.