ആറ്റിങ്ങൽ: ആറ്റിങ്ങലിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നതായി സൂചന. സ്വകാര്യ ബസുകൾക്കെതിരെ പൊലീസും,​ ആർ.ടി. ഓഫീസും പ്രത്യേകം നടത്തുന്ന പരിശോധനയിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നത്. ഇതിനായി ബസ്ഓണോഴ്സിന്റെ അടിയന്തര യോഗം ഉടൻ ചേരും. യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്ക് പണിമുടക്ക് നോട്ടീസ് നൽകാനാണ് നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ നടത്തിയ പരിശോധനകളിൽ പിഴ ഈടാക്കുന്നതിന് പകരം ബോധവത്ക്കരണമാണ് നടത്തിയത്. ആവർത്തിച്ചാൽ തിങ്കളാഴ്ച മുതൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പിനിടയിലാണ് അനിശ്ചിതകാല പണിമുടക്കിന് ബന്ധപ്പെട്ടവർ ഒരുങ്ങുന്നത്. പാലസ് റോഡ് വൺവേയാക്കിയത് മാറ്റിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് യാത്രക്കാർ പറയുന്നു.

അതേസമയം,​ വിദേശത്തു പോയ നഗരസഭാ ചെയർപേഴ്‌സൺ അഡ്വ.എസ്.കുമാരി മടങ്ങിയെത്തിയാലുടൻ ഗതാഗത ക്രമീകരണ സമിതിയുടെ യോഗം കൂടി അന്തിമ തീരുമാനമെടുക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ജി. തുളസി ധരൻപിള്ള പറഞ്ഞു. നഗരസഭാ ചെയർപഴ്‌സൻ അദ്ധ്യക്ഷതയിലാണ് യോഗം കൂടേണ്ടത്. ജില്ലാ കലക്ടറുടെ പ്രതിനിധി, ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി, റീജണൽ ട്രാൻസ്പോർട്ട് ഓഫിസറുടെ പ്രതിനിധി, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുക്കും.