പള്ളിക്കൽ: പത്തുലക്ഷം രൂപയുടെ വായ്‌പ തട്ടിപ്പ് നടത്തിയെന്ന പരാതിയെ തുടർന്ന് പള്ളിക്കൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്‌ടർ വിജയചന്ദ്രൻ പിള്ളയ്‌ക്കെതിരെ പള്ളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറി അൽഫാജ് താജുദ്ദീൻ പള്ളിക്കൽ പൊലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം.

അൽഫാജിന്റെ പരാതി ഇങ്ങനെ: 2019ൽ വായ്‌പയ്ക്കായി ജാമ്യം നിൽക്കണമെന്നാവശ്യപ്പെട്ട് മാനേജിംഗ് ഡയറക്ടർ സമീപിച്ചതിനെ തുടർന്ന് ബാങ്കിന്റെ ഹെഡ് ഓഫീസിലെത്തി എം.ഡി നൽകിയ വായ്‌പ രേഖകളിൽ ഒപ്പുവച്ചെന്നാണ് പരാതിയിൽ പറയുന്നത്. ജാമ്യക്കാരനെന്ന് വിശ്വസിപ്പിച്ചാണ് ഒപ്പുകൾ വാങ്ങിയതെന്നും മറ്റ് രേഖകൾ ബാങ്ക് അധികൃതർ നൽകിയില്ലെന്നും അൽഫാജ് പറയുന്നു. 2022ൽ അൽഫാജിനെതിരെ 10 ലക്ഷം രൂപയുടെ വായ്‌പ തിരിച്ചടയ്‌ക്കാത്തതിന്റെ പേരിൽ നിയമനടപടികൾ സ്വീകരിച്ചതായി ബാങ്കിന്റെ നോട്ടീസ് ലഭിച്ചെന്നും പരാതിയിലുണ്ട്.

ഒടുവിൽ ജാമ്യം നിന്ന അൽഫാജ് വായ്‌പക്കാരനായും വായ്‌പയെടുത്ത ആൾ ജാമ്യക്കാരനായും മാറി, വായ്‌പ ഇനത്തിൽ ഒരു പൈസ പോലും തന്റെ അക്കൗണ്ടിൽ വന്നിട്ടില്ലെന്നും മുതലും പലിശയുമായി 19 ലക്ഷത്തിന്റെ ബാദ്ധ്യതയാണ് ബാങ്ക് തന്റെ തലയിൽ കെട്ടിവയ്ക്കുന്നതെന്നും അൽഫാജ് വ്യക്തമാക്കി. തുടർന്ന് പലവട്ടം ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും മോശമായി പെരുമാറിയതിനെ തുടർന്ന് തട്ടിപ്പ് മനസിലായത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്നും തട്ടിപ്പിന് പിന്നിൽ ഉന്നതരുടെ ഇടപെടലുകളുണ്ടെന്നും അൽഫാജ് ആരോപിച്ചു.

ബാങ്കിനെ തകർക്കാനുള്ള

ഗൂഢലക്ഷ്യമെന്ന് എം.ഡി

വായ്‌പ തട്ടിപ്പുമായി ബന്ധപ്പെട്ട് പള്ളിക്കൽ ഫാർമേഴ്‌സ് ബാങ്കിനെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബാങ്കിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢശ്രമമാണ് പിന്നിലെന്നും മാനേജിംഗ് ഡയറക്‌ടർ വിജയചന്ദ്രൻപിള്ള വ്യക്തമാക്കി. ബന്ധുക്കൾ ചേർന്ന് ലോണെടുത്തു, അവർ തമ്മിലുണ്ടായ സൗന്ദര്യപ്പിണക്കങ്ങളാണ് പരാതിക്കു പിന്നിലെന്നും നിയമപരമാവും ബാങ്ക് ബൈലാ അനുസരിച്ചും മാത്രമേ വായ്പ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു.