i

വിഴിഞ്ഞം: മത്സ്യബന്ധന തുറമുഖത്ത് വള്ളങ്ങൾക്ക് തീപിടിച്ചു.ആളപായമില്ല. വിഴിഞ്ഞം നോമാൻസ് ലാൻഡിനുസമീപം ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. കരയിൽ കയറ്റി വച്ചിരുന്ന മൂന്ന് വള്ളങ്ങൾ പൂർണമായി കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന ഏതാനും വള്ളങ്ങൾക്ക് ചെറിയ കേടുപാടുണ്ടായി.

വിവരമറിഞ്ഞ് വിഴിഞ്ഞം ഫയർഫോഴ്സെത്തി തീ നിയന്ത്രിച്ചതിനാൽ വൻ നാശനഷ്‌ടം ഒഴിവായി. വിഴിഞ്ഞം സ്വദേശി സെയ്‌ദുമുഹമ്മദിന്റെ ഉൾപ്പെടെ 3 വള്ളങ്ങളാണ് കത്തിനശിച്ചതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. വിഴിഞ്ഞത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് പുകയുയരുന്നത് കണ്ട് ഫയർഫോഴ്സ‌ിൽ വിവരമറിയിച്ചത്.

ഫൈബർ വള്ളങ്ങളായതിനാൽ കാറ്റടിച്ചപ്പോൾ തീ വേഗം കത്തിപ്പടരുകയായിരുന്നു. സമീപത്ത് കൂടുതൽ വള്ളങ്ങളുണ്ടായിരുന്നത് ആശങ്ക പരത്തിയെങ്കിലും ഫയർഫോഴ്സ് തീ നിയന്ത്രണവിധേയമാക്കി.

ആദ്യം വിഴിഞ്ഞം ഫയർസ്‌റ്റേഷനിൽ നിന്ന് ഒരു യൂണിറ്റെത്തി തീ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കമിഴ്ന്ന നിലയിലുള്ള വള്ളങ്ങൾക്കടിയിലേക്ക് തീ പടർന്നത് നിയന്ത്രണം ബുദ്ധിമുട്ടിലാക്കി. ഇതിനിടെ ഫയർഫോഴ്സ് ആവശ്യപ്രകാരം പൂവാറിൽ നിന്ന് ഒരു യൂണിറ്റ് കൂടിയെത്തി. നാട്ടുകാരുടെ സഹായത്തോടെ വള്ളങ്ങൾ നിവർത്തി തീയണച്ച് മടങ്ങിയെങ്കിലും പുക വീണ്ടും ഉയരുന്നുവെന്ന വിവരത്തെ തുടർന്ന് ഫയർഫോഴ്‌സ് രണ്ടാമതുമെത്തി.

തീപിടിത്തത്തിന് കാരണം വ്യക്‌തമല്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. സ്ഥിരമായി ഇവിടെ തങ്ങുന്ന നാടോടി സംഘങ്ങൾ ഇതിനുസമീപം പാചകം ചെയ്തിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചതായി അധികൃതർ പറഞ്ഞു.കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രദേശത്തെ ഫിഷറീസ് സ്‌റ്റേഷൻ അധികൃതരുടെ സി.സി ടിവി ക്യാമറകൾ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. വിഴിഞ്ഞം ഫയർഫോഴ്സ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ സജീവ്കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് സേഫ്ടി ഉദ്യോഗസ്ഥരായ വിനോദ്കുമാർ,വിപിൻ,സാജൻ രാജ്,സുരേഷ്,സുനിൽകുമാർ,സദാശിവൻ,ബിനു കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് തീ നിയന്ത്രിച്ചത്.