r

തിരുവനന്തപുരം: സാങ്കേതിക മേഖലയിൽ മത്സരത്തിനപ്പുറം സഹകരണമാണ് പ്രധാനമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. വ്യാവസായിക രംഗത്തെ പുരോഗതിക്കനുസൃതമായി സാങ്കേതിക വിദ്യാഭ്യാസത്തെ മാറ്റുക എന്നതാണ് സർക്കാർ നിലപാട്. ഗവേഷണം, നൂതനത്വം, സ്റ്റാർട്ടപ്പ്, സംരഭകത്വം എന്നിവയ്ക്ക് മികച്ച പിന്തുണയാണ് നൽകുന്നത്. ആരോഗ്യം, മാലിന്യ നിർമ്മാർജനം, കൃഷി എന്നീ മേഖലകളിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 'ഉദ്യമ' ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുന്നതിനിടെ മന്ത്രി പറഞ്ഞു. ഭിന്നശേഷി പാർശ്വവത്കൃത സമൂഹങ്ങളെ ശാക്തീകരിക്കാൻ സാങ്കേതിക മേഖലയ്ക്ക് സാധിക്കും. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് അദ്ധ്യക്ഷയായി. ഡോ. അനിൽ സഹസ്രബുദ്ധ വിശിഷ്ടാതിഥിയായി. ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ഷാലിജ് പി.ആർ, ഐ.ഐ.ഐ.സി ജോ.ഡയറക്ടർ ഡോ. ആശാലത, ടാറ്റ ലക്സി സെന്റർ ഹെഡ് വി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ജനുവരിയിൽ കൊച്ചിൻ സർവകലാശാലയിൽ നടക്കുന്ന കോൺക്ലേവിന്റെ മുന്നോടിയായാണ് 'ഉദ്യമ' സംഘടിപ്പിച്ചത്. നൂതന ഗവേഷണ ഉത്പന്ന പ്രദർശനമേള പാളയം എൽ.എം.എസ് കോമ്പൗണ്ടിലെ സി.എസ്.ഐ വിമൻസ് സെന്റർ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മാസ്കോട്ട് ഹോട്ടലിൽ നൂതന വ്യവസായശാലകൾ, എൻജിനിയറിംഗ് വിദ്യാഭ്യാസം, ജോലിസാദ്ധ്യതകൾ എന്നിയിൽ വിദഗ്ധർ നയിക്കുന്നചർച്ചകളുമുണ്ടാവും. സമാപന ചടങ്ങ് 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.