binu

ബിനുവിന്റെ പ്രവർത്തനം കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു

തിരുവനന്തപുരം: വെള്ളായണി കായലിൽ നിറയുന്ന മാലിന്യം നീക്കംചെയ്യാൻ ആരെയും കാത്തുനിൽക്കാതെ കഴിഞ്ഞ മൂന്ന് വർഷത്തോളമായി മാലിന്യം നീക്കുന്ന ബുനു പുഞ്ചക്കരിക്ക് ഒടുവിൽ അധികൃതരുടെ അംഗീകാരം. ഹരിതകേരളം മിഷൻ പുതിയ ഫൈബർ ബോട്ട് ബിനുവിന് നൽകും. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ യുവജന വിഭാഗമായ യംഗ് ഇന്ത്യൻസ് നൽകുന്ന ബോട്ട് നാളെ രാവിലെ 7ന് പുഞ്ചക്കരിയിൽ വച്ച് നവകേരളം കർമ്മപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സണുമായ ഡോ.ടി.എൻ.സീമ ബിനുവിന് കൈമാറും.

വെള്ളായണിക്കായലിനെയും പുഞ്ചക്കരിയെയും സംരക്ഷിക്കാൻ പുഞ്ചക്കരി വാറുവിള രേവതി ഭവനിൽ ബിനു നടത്തുന്ന ഒറ്റയാൾ പോരാട്ടം 'പുഞ്ചക്കരിക്ക് വേണം പുതുജീവൻ' എന്ന പരമ്പരയിലൂടെ കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഫലം വാങ്ങാതെ നാടിനുവേണ്ടി നടത്തുന്ന ബിനുവിന്റെ പോരാട്ടത്തിന് പുഞ്ചക്കി വാക്കേഴ്സ് ഉൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണയുണ്ടെങ്കിലും സർക്കാർ സഹായമെത്തുന്നത് ആദ്യമായാണ്.

സ്വന്തമായി വെൽഡിംഗ് വർക്ക്ഷോപ്പുള്ള ബിനു ഗേറ്റ് നിർമ്മാണത്തിനുപയോഗിക്കുന്ന ജി.എ ഷീറ്റുകൊണ്ട് നിർമ്മിച്ച ബോട്ടിലാണ് ഇപ്പോൾ കായലിലെ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നത്.

സന്ധിയില്ലാത്ത പോരാട്ടം!

ബിനു രാവിലെ 6.30ന് മാലിന്യം ശേഖരിക്കാൻ തുടങ്ങും. 9മണിക്ക് മകളെ കോളേജിൽ കൊണ്ടുപോകുന്നതുവരെ ഇത് തുടരും. വൈകിട്ട് 3 മുതൽ 7വരെയും ഇത് തുടരും. കൊവിഡുകാലത്ത് വീട്ടിലിരുന്നപ്പോഴാണ് ആദ്യം ചെറിയ ബോട്ട് നിർമ്മിച്ചത്. ഇത് വെള്ളത്തിൽ ഇറക്കിയപ്പോൾ മുങ്ങിപ്പോയി. രണ്ടാമത് നിർമ്മിച്ച ബോട്ട് ഫലംകണ്ടു. ആദ്യം ഒരു കിലോമീറ്റർ സഞ്ചരിച്ചപ്പോൾ നാല് ചാക്കോളം പ്ലാസ്റ്റിക് കായലിൽ നിന്ന് കിട്ടി. ഭാര്യ ബിന്ദുവും മക്കളായ അഭിജിത്തും അഭിരാമിയും ബിനുവിന് പൂർണപിന്തുണയാണ്.

പ്ലാസ്റ്റിക്ക് കുറഞ്ഞു. ഇപ്പോൾ കുളവാഴ നീക്കലാണ് പ്രധാനം. പ്രദേശത്തെ മുൻ ജനപ്രതിനിധികൾ ഉൾപ്പെടെ പലരും മാലിന്യനീക്കത്തെ നിരുത്സാഹപ്പെടുത്തുന്നവരാണ്. ഞാൻ ഇത് തുടരും.

-ബിനു പുഞ്ചക്കരി.