cash

# മുഖ്യമന്ത്രിയും മന്ത്രിമാരും
കോവളത്ത് വച്ച് ചർച്ച നടത്തും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിന് കേന്ദ്ര ഗ്രാൻഡുകളും നികുതി വിഹിതവും കൂട്ടികിട്ടണം. ഇത് തീരുമാനിച്ച് ശുപാർശ നൽകുന്ന പതിനാറാം ധനകാര്യകമ്മിഷന്റെ മൂന്ന് ദിവസത്തെ നിർണ്ണായക സംസ്ഥാന സന്ദർശനം ഇന്നാരംഭിക്കും. കമ്മിഷൻ നിർദേശിക്കുന്ന തോതിലായിരിക്കും 2026 മുതൽ കേന്ദ്രസഹായം കിട്ടുക.

കമ്മിഷൻചെയർമാനും നിതി ആയോഗ് മുൻ വൈസ് ചെയർമാനുമായ ഡോ.അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിലെത്തും.ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ സ്വീകരിച്ച് കുമരകത്തേയ്ക്ക് കൊണ്ടുപോകും.

തിങ്കളാഴ്ച രാവിലെ തിരുവാർപ്പ്, അയ്മനം പഞ്ചായത്ത് പ്രദേശങ്ങളടക്കം സന്ദർശിക്കും. വൈകിട്ട് കോവളത്ത് എത്തും. ചൊവ്വാഴ്ച രാവിലെ 9.30ന് കോവളം ലീലാ ഹോട്ടലിലെ കോൺഫറൻസ്ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ സ്വാഗതം പറയും. തുടർന്ന് മന്ത്രിസഭാംഗങ്ങളുമായി ചർച്ച നടത്തും. പകൽ 11.30 മുതൽ സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ.കെ എൻ ഹരിലാൽ, ഗ്രാമ, ബ്ലോക്ക് ,ജില്ലാപഞ്ചായത്ത് അസോസിയേഷനുകൾ,ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമെൻ,മേയേഴ്സ് കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവരുമായാണ് ചർച്ച. ഉച്ചയ്ക്കുശേഷം 12.45 മുതൽ വ്യാപാരി,വ്യവസായി പ്രതിനിധികളെ കാണും. 1.45 മുതൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായാണ് കൂടികാഴ്ച. തുടർന്ന് ചെയർമാൻ വാർത്താ സമ്മേളനവും നടത്തും.

15-ാം ധനകാര്യ കമ്മിഷൻ അംഗമായിരുന്ന അജയ് നാരായൺ ഝാ, കേന്ദ്രത്തിലെ മുൻ ധനവിനിയോഗ സ്‌പെഷൽ സെക്രട്ടറി ആനി ജോർജ് മാത്യു, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് മുൻ ഡയറക്ടർ മനോജ് പാണ്ട, എസ്.ബി. ഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

ആവശ്യങ്ങൾ ശക്തമായി അവതരിപ്പിക്കാനും അർഹതപ്പെട്ട സാമ്പത്തികാവകാശങ്ങൾ നേടിയെടുക്കാനും കൃത്യമായ തയ്യാറെടുപ്പുകൾ സർക്കാർ സ്വീകരിച്ചതായി ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.