തിരുവനന്തപുരം: ബസ് യാത്രക്കാരിക്ക് നഷ്ടപ്പെട്ട പണവും രേഖകളും അടങ്ങിയ പഴ്സ് കണ്ടക്ടർ കണ്ടെടുത്തു നൽകി.

തുമ്പ വി.എസ്.എസ്.സി ക്വാർട്ടേഴ്സിലെ ശുചീകരണ വിഭാഗം ജീവനക്കാരിയായ പെരുമാതുറ സ്വദേശി കവിതക്കാണ് ആറായിരത്തോളം രൂപയും വിവിധ കാർഡുകളും അടങ്ങിയ പഴ്സ് യാത്രക്കിടയിൽ നഷ്ടപ്പെട്ടത്. ഭർത്താവിന്റെ തിമിര ശസ്ത്രക്രിയാ ആവശ്യത്തിലേക്കായി കരുതിവച്ച തുകയായിരുന്നു അത്. തുമ്പ പൊലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെട്ടു. സ്ഥിരമായി യാത്ര ചെയ്യാറുള്ള കെ. എസ് ആർ.ടി.സി ബസിലാവാം പഴ്സ് നഷ്ടപ്പെട്ടതെന്ന് കവിത പൊലീസിനെ അറിയിച്ചു. കണ്ടക്ടറുടെ രൂപസാദൃശ്യവും ബസ് കടന്നുവന്ന സമയവും കവിതയിൽ നിന്ന് മനസിലാക്കിയ പൊലീസ് കെ.എസ്.ആർടി.സി സിറ്റി യൂണിറ്റിൽ ബന്ധപ്പെട്ടു. സിറ്റിയിലെ പെരുമാതുറ സർവ്വീസിലെ കെ. ബിനുകുമാർ ആണ് കണ്ടക്ടർ എന്ന് പൊലീസ് ഭാഷ്യത്തിന്റെ അടിസ്ഥാനത്തിൽ ബോദ്ധ്യപ്പെട്ട സ്റ്റേഷൻമാസ്റ്റർ കണ്ടക്ടറെ വിവരം അറിയിച്ചു. ബസ് പരിശോധനയിൽ നിലത്ത് കിടന്ന പഴ്സ് കണ്ടക്ടർക്ക് ലഭിച്ചു. ബസ് ടിക്കറ്റെടുക്കാനുള്ള തുക പോലും കൈയിലില്ലാതിരുന്ന കവിതയെ തുമ്പ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സിറ്റി ഡിപ്പോയിൽ ജീപ്പിൽ എത്തിച്ചു. കണ്ടക്ടർ കെ. ബിനുകുമാർ, ഡ്രൈവർ പി. അജയേഷ്, സ്റ്റേഷൻ മാസ്റ്റർ എൻ.കെ. രഞ്ജിത്ത്, ഉഷാരവി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സിറ്റി എ.ടി.ഒ. പ്രസാദ്.സി.പി. കവിതയ്ക്ക് കാശും രേഖകളുമടങ്ങിയ പഴ്സ് കൈമാറി.