കഴക്കൂട്ടം : വ്യാജചെക്ക് ഉപയോഗിച്ച് പലരുടെ അക്കൗണ്ടിൽ നിന്നായി 16ലക്ഷം തട്ടിയെടുത്ത കേസിൽ റിമാൻഡിലുള്ള കഴക്കൂട്ടം സബ് ട്രഷറിയിലെ മുൻ ക്ലർക്ക് മുജീബിനെ ട്രഷറിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെ പ്രതിയെ കോടതിയിൽ ഹാജരാക്കും.
മറ്റൊരു പ്രതിയായ ട്രഷറിയിലെ ജൂനിയർ അക്കൗണ്ടന്റായിരുന്ന വിജയരാജിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കേസ് ഉടൻ വിജിലൻസിന് കൈമാറുമെന്നാണ് വിവരം. മുജീബ് മുൻപ് ജോലി ചെയ്തിരുന്ന സംസ്ഥാനത്തെ വിവിധ ട്രഷറികളിലും വിജിലൻസ് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ജൂണിലാണ് ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി എം. മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്നു രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരണപ്പെട്ടവരടക്കമുള്ളവരുടെ അക്കൗണ്ടിൽ നിന്നു വ്യാജ ചെക്ക് ഉപയോഗിച്ച് പണം തട്ടിയെടുത്തതായി തിരിച്ചറിഞ്ഞത്. അഞ്ചോളം അക്കൗണ്ടുകളിൽ നിന്നാണ് 16ലക്ഷത്തോളം കവർന്നത്. ട്രഷറിയിലെ സി.സി.ടിവി ഓഫ് ചെയ്ത ശേഷമാണ് പണം തട്ടൽ നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.