a

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഓവർബ്രിഡ്ജിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള മെയിൻ റോഡായ പനമ്പള്ളി റോഡിനിരുവശവും കാടുപിടിച്ച് കിടന്നിട്ട് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലും മറ്റും പോകാനുള്ള തിരക്കേറിയ പ്രധാന റോഡാണിത്.കാടുപിടിച്ചതോടെ പ്രദേശം മാലിന്യകേന്ദ്രവുമായതായി നാട്ടുകാർ പരാതിപ്പെടുന്നു.ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളും രാത്രികാലങ്ങളിൽ ഇവിടെയെത്തിച്ച് വലിച്ചെറിയുകയാണ്.ചത്ത പട്ടികളെയും പൂച്ചകളെയും വരെ ഈ റോഡിനിരുവശങ്ങളിലും കൊണ്ടിടുന്നതായി ഇവർ പറയുന്നു.എതിരെ വരുന്ന വാഹനങ്ങൾക്ക് റോഡിന്റെ വശങ്ങൾ കാണാൻ പറ്റാത്ത വിധമാണ് റോഡിനിരുവശവും കാടുപിടിച്ച് കിടക്കുന്നത്.ഇതിനാൽ പ്രദേശം അപകടസാധ്യതാ മേഖലയാണെന്ന് നാട്ടുകാർ പറയുന്നു.
എത്രയും പെട്ടെന്ന് കാട് വൃത്തിയാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെയെും നാട്ടുകാരുടെയും ആവശ്യം.

മൂക്ക് പൊത്തണം

പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണ്.മൂക്കുപൊത്തി പോലും നടക്കാൻ പറ്റാത്ത അവസ്ഥ.നിരവധി സ്കൂൾ വിദ്യാർത്ഥികൾ ഇതുവഴി പോകുന്നുണ്ട്.മഴ പെയ്താൽ പകർച്ചവ്യാധി പിടിപെടുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

ക്യാമറയുമില്ല

മുൻപ് ഇവിടെ ക്യാമറയുണ്ടായിരുന്നു.ആ സമയത്ത് മാലിന്യനിക്ഷേപം കുറഞ്ഞിരുന്നു.ഇപ്പോൾ ക്യാമറയില്ലാതെയായതോടെ പ്രദേശത്ത് വൻ തോതിലാണ് മാലിന്യം തള്ളുന്നത്.

തെരുവ് വിളക്കുമില്ല

രാത്രിയിൽ പ്രദേശത്ത് തെരുവ് വിളക്കുകളുടെ അഭാവവും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.കാടുപിടിച്ച് കിടക്കുന്നതിനാൽ എതിർവശത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയില്ല.അടുത്തപ്പോൾ പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നത് അപകടത്തിന് കാരണമാകാം. കാൽനടയാത്രക്കാരാകട്ടെ ഇഴജന്തുക്കളെ പേടിച്ചാണ് ഇതുവഴി നടക്കുന്നത്.ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.