തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് ഒരു പരിധിവരെ പിടിച്ചുകെട്ടുന്ന ഉള്ളൂർ,പട്ടം തോടുകളുടെ നവീകരണം അന്തിമഘട്ടത്തിലേക്ക്. ഉള്ളൂർ തോടിന്റെ തൊണ്ണൂറ് ശതമാനവും പട്ടം തോടിന്റെ അറുപത് ശതമാനവും പണികൾ പൂർത്തിയായി.ജനുവരിയോടെ പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ വരുന്ന ഉള്ളൂർ തോടിന്റെ നവീകരണത്തിന് ഒൺപത് കോടിയാണ് ചെലവാക്കുന്നത്.ക്രഡൻസ് ആശുപത്രി മുതൽ കണ്ണമ്മൂല വരെയുള്ള ജോലികളാണ് നടക്കുന്നത്.തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കൽ,ആവശ്യമായ ഇടങ്ങളിൽ സംരക്ഷണ ഭിത്തികെട്ടൽ,ഭിത്തിയുടെ ഉയരം കൂട്ടൽ,കോൺക്രീറ്റ് ലൈനിംഗ് നൽകൽ,പാരപ്പറ്റ് കെട്ടൽ,മാലിന്യം തള്ളുന്നത് തടയാൻ വേലി തുടങ്ങിയ ജോലികളാണ് നടക്കുന്നത്.

എന്നാൽ ഇനി ഗൗരീശപട്ടത്തെ തോടിന്റെയുള്ളിലേക്ക് വളർന്ന് ചാഞ്ഞ് നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണം.ഇവിടെ ഇരുവശത്തെയും സൈഡ് വാളുകൾ കെട്ടലും മുകളിലെ പാരപ്പറ്ര് നിർമ്മാണവും ബാക്കിയാണ്.കൂടാതെ തോടിന്റെ ചിലയിടങ്ങളിലെ പൊട്ടിപ്പോയ ഭാഗങ്ങളുടെ പണി ഇനിയും നടന്നിട്ടില്ല. ഇതുകൂടിയാകുന്നതോടെ ഉള്ളൂർ തോടിന്റെ മുഖം മാറും.

ഉള്ളൂർ തോട്

ചെലവ് - 9 കോടി - പ്ലാൻ ഫണ്ട്

2019-20ലെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. കേരളാദിത്യപുരത്തു നിന്ന് പാറ്റൂർ വരെ 8.78 കിലോമീറ്റർ നീളമാണ് തോടിനുള്ളത്.

നവീകരണം നടക്കുന്നത് - ക്രഡൻസ് ആശുപത്രി മുതൽ കണ്ണമ്മൂല വരെ

പട്ടം തോട്

ചെലവ് - 4.83 കോടി

8 മീറ്റർ വീതി, ഏകദേശം 9 കി.മീ നീളവും

നവീകരണം അറുപത് ശതമാനത്തോളം പൂർത്തിയായി. 2021-22 ലെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം.നഗരസഭയിലെ കുടപ്പനക്കുന്ന്,ചെട്ടിവിളാകം,കിണവൂർ, മുട്ടട,കേശവദാസപുരം,നന്തൻകോട്,പട്ടം,കുന്നുകുഴി,കണ്ണമ്മൂല എന്നീ വാർഡുകളിലൂടെ ഒഴുകി ആമയിഴഞ്ചാൻ തോട്ടിലാണ് പട്ടം തോട് അവസാനിക്കുന്നത്. ഇതിന്റെ താഴോട്ടുള്ള 4.5 കി.മീ മുതൽ 9 കി.മീ വരെയുള്ള ഭാഗമാണ് ഇപ്പോൾ നവീകരിക്കുന്നത്.

പദ്ധതി നടക്കുന്നത് - തോടിന്റെ താഴോട്ടുള്ള 4.5 കി.മീ മുതൽ 9 കി.മീ ദൂരം