തിരുവനന്തപുരം: വള്ളക്കടവിൽ പുതിയപാലം നിർമ്മിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാത്തതിനാൽ പാലം പണി അനന്തമായി നീളുന്നു. ധനവകുപ്പ് സ്ഥലമേറ്റെടുപ്പിന് ഇനിയും തുക അനുവദിക്കാനുണ്ട്. സ്ഥലമേറ്റെടുപ്പ് പൂ‌ർത്തിയായിട്ടുവേണം ടെൻഡർ നടപടികളിലേക്ക് കടക്കാൻ. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് പുതിയ പാലം പണിയാൻ തീരുമാനമായത്. എന്നാൽ പല കാരണങ്ങളാൽ പദ്ധതി വൈകി.

സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ ഏഴ് പാലങ്ങളിലൊന്നാണ് വള്ളക്കടവ് പാലം. 137 വർഷം പഴക്കമുള്ള പഴയ പാലം 1887ൽ ശംഖുംമുഖം,ബീമാപള്ളി,വലിയതുറ പ്രദേശങ്ങളെ ബന്ധിപ്പിക്കാനായി പാർവതി പുത്തനാറിന് കുറുകെയാണ് നിർമ്മിച്ചത്. പാലം തകർച്ചയുടെ വക്കിലായതോടെയാണ് നാട്ടുകാർ പുതിയപാലം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് 2018ൽ മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. തുടർന്നാണ് നിർമ്മാണം ആരംഭിച്ചത്.

ചെലവ് 39.80 കോടി

39.80കോടി ചെലവിട്ടാണ് പുതിയ പാലം പണിയുന്നത്.15 കോടി ധനവകുപ്പ് നേരത്തെ തന്നെ പൊതുമരാമത്ത് (റോഡ്സ്) വിഭാഗത്തിന് അനുവദിച്ചിരുന്നു.

തകർച്ചയിൽ

പഴയപാലത്തിന്റെ സ്റ്റീൽ ഗർഡറുകളും സ്ളാബുകളും ദ്രവിച്ച് തകർന്ന നിലയിലാണ്. നിരവധി സ്‌കൂൾ ബസുകളടക്കമുള്ള വാഹനങ്ങൾ ഈ പാലം വഴിയാണ് കടന്നുപോകുന്നത്. ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ വെയർഹൗസിലേക്കുള്ള ചരക്ക് വാഹനങ്ങളെത്തുന്നതും ഇതുവഴിതന്നെ.

 താത്കാലിക പാലം

ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലത്തിലൂടെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി, അല്പശി ഉത്സവ ഘോഷയാത്രകൾ കടന്നുപോകുന്നതും. ഈ പാലത്തിന് സമാന്ദരമായി 500 മീറ്റർ നീളത്തിൽ 79 ലക്ഷം ചെലവിട്ട് താത്കാലികമായി നിർമ്മിച്ച മറ്റൊരു പാലത്തിലൂടെയാണ് നിലവിൽ ഗതാഗതം.