
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുൾപ്പെടെ വി.ഐ.പികളുടെ ഫോണിലെ രഹസ്യം ചോർത്തി കുപ്രസിദ്ധി നേടിയ ഇസ്രയേലി സ്‌പൈവെയർ പെഗാസസ് സാധാരണക്കാരുടെ ഫോണിലും പ്രത്യക്ഷപ്പെടുന്നു. സൈബർ സെക്യൂരിറ്റി റിസർച്ചർമാരായ ഐ -വെരിഫൈ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
സ്‌പൈവെയറുകളെ കണ്ടെത്താനുള്ള ഐ-വെരിഫൈയുടെ സംവിധാനമായ ത്രെഡ് ഹണ്ടറാണ് ഫോണുകളിൽ പെഗാസസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ലോകത്തെ വിവിധയിടങ്ങളിൽ സാധാരണക്കാർ ഉപയോഗിക്കുന്ന 2500 ഫോണുകൾ സ്കാൻ ചെയ്തു. ഏഴ് ഫോണുകളിൽ പെഗാസസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഐഫോണും ആൻഡ്രോയ്ഡും ഉൾപ്പെടുന്നു.
മെയിലുകൾ, ചാറ്റുകൾ, സംഭാഷണങ്ങൾ, ലൊക്കേഷൻ, ഫോട്ടോകളുൾപ്പെടെ ഫോണിലെ സർവതും ചോർത്താൻ പെഗാസസിനാവും.
ഉടമയറിയാതെ
ത്രെഡ് ഹണ്ടറിന്റെ പരിശോധനയിൽ ചില ഫോണുകളിൽ 2021 മുതൽ പെഗാസസ് കടന്നുകയറിയെന്ന് കണ്ടെത്തി. മറ്റ് മാൽവെയറുകളെപ്പോലെ ഫോണുകളെ ഹാംഗാക്കുക, ആപ്പുകൾ തനിയെ ഓണാക്കുക തുടങ്ങിയ പ്രശ്നങ്ങൾ പെഗാസസ് സൃഷ്ടിക്കില്ല. അതുകൊണ്ടുതന്നെ ഉപഭോക്താവിന് തിരിച്ചറിയാനുമാവില്ല.
പെഗാസസ്
2011ൽ സൈബർ ഇന്റലിജൻസ് കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ചത്
ഫോണുകളിൽ വർഷങ്ങളോളം പതിയിരിക്കാനുള്ള കഴിവ്
ശ്രദ്ധിക്കാൻ
1 അപരിചിത ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്
2 ആവശ്യമില്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്
3 പബ്ലിക്ക് വൈഫൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക