
തിരുവനന്തപുരം: വിവിധ മേഖലകളെ സ്വാധീനിക്കുന്ന നിർമ്മിതബുദ്ധി സാമൂഹികപരിവർത്തനത്തിന് വഴിതെളിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ജനറേറ്റീവ് എ.ഐ അന്താരാഷ്ട്ര കോൺക്ലേവ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
നിയമം, യുവജനക്ഷേമം, മാദ്ധ്യമപ്രവർത്തനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിർമ്മിതബുദ്ധിയുടെ പ്രാധാന്യം കോൺക്ലേവ് വ്യക്തമാക്കുന്നു. ന്യൂറോസയൻസിൽ കണ്ടുപിടിത്തങ്ങൾ നടക്കുന്ന കാലത്ത് നിർമ്മിതബുദ്ധിയെ മാറ്റിനിറുത്താനാവില്ല. നിർമ്മിതബുദ്ധിയെ വിദൂര സ്വപ്നമായോ സയൻസ് ഫിക്ഷൻ സിനിമയുടെ പ്രമേയമായോ കണ്ട് കണ്ണടയ്ക്കാനാകില്ല. എ.ഐ നമുക്കായി ചിന്തിക്കുന്നു. ബുദ്ധിയുള്ളവർ നിർമ്മിതബുദ്ധിയുടെ സാദ്ധ്യതകൾ കണ്ടെത്തും.
105 എൻജിനിയറിംഗ് കോളേജുകളിൽ നിർമ്മിതബുദ്ധി കോഴ്സ് ലഭ്യമാണ്. എന്നാൽ വെർച്വൽ റിയാലിറ്റിയും യാഥാർത്ഥ്യവും തമ്മിൽ അന്തരമുണ്ട്. ഇത് മനസിലാക്കിയാൽ ഉടമകളെ ഭരിക്കാതെ കുറേക്കൂടെ മികച്ച രീതിയിൽ സേവിക്കാൻ എ.ഐ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജെൻ എ.ഐയും വിദ്യാഭ്യാസത്തിന്റെ ഭാവിയും എന്നതാണ് കോൺക്ലേവിന്റെ പ്രമേയം. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബോംബെ ഐ.ഐ.ടിയിലെ പ്രൊഫ. കണ്ണൻ എം. മൗഡ്ഗല്യ, ബാംഗ്ലൂർ ഐ.ഐ.എസ്.സിയിലെ പ്രൊഫ. കെ.വി.എസ്. ഹരി, ന്യൂയോർക്ക് എതെന ഇന്റലിജൻസിൽ നിന്നുള്ള ആൽഡ്രിൻ ജെൻസൺ, സിങ്കപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഡോ. പ്രഹ്ളാദ് വടക്കേപ്പാട്ട്, മലേഷ്യ യൂണിവേഴ്സിറ്റി ടെക്‌നോളജിയിലെ ഡോ. ഡേവിഡ് നടരാജൻ, ട്രിനിറ്റി എൻജിനിയറിംഗ് കോളേജിൽ നിന്നുള്ള ഡോ. അരുൺ സുരേന്ദ്രൻ, പ്രോഗ്രാം കൺവീനർ വി.ജി. രാജേഷ് എന്നിവർ പങ്കെടുത്തു.