
തിരുവനന്തപുരം:സർവമേഖലകളിലും വ്യാപിച്ചെങ്കിലും നിർമ്മിതബുദ്ധി (എ.ഐ) വിവേചന ബുദ്ധി കൈവരിക്കാൻ വർഷങ്ങളെടുക്കുമെന്ന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പും ഐ.എച്ച്.ആർ.ഡിയും കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ലേവിൽ 'നിർമ്മിതബുദ്ധിയും മാദ്ധ്യമങ്ങളും' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടക്കത്തിൽ നിർമ്മിതബുദ്ധി പ്രവർത്തിച്ചത് ചിത്രങ്ങളിലൂടെയായിരുന്നു. അത് നൽകിയ ഉത്തരങ്ങൾ നൂറുശതമാനം കൃത്യമായിരുന്നില്ല. വിവേകപൂർവം പണിയെടുക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് എ.ഐയുടെ സ്വാധീനത്തിലും ജോലി നഷ്ടമാവില്ല. ഇരുപത് വയസുള്ള ഒരാൾക്ക് സാങ്കേതിക വിദ്യയിൽ പരിജ്ഞാനം ഉണ്ടായിരിക്കും. അറുപതുകാരനാവട്ടെ അനുഭവങ്ങളിലൂടെ ഇരുത്തം കൈവരിച്ചിരിക്കും. ഈ അനുഭവങ്ങൾ അമൂല്യമാണ്. പത്രത്തിന്റെ ലേഔട്ട് ചെയ്തുതരാൻ പറഞ്ഞാൽ ക്ഷണനേരം കൊണ്ട് എ.ഐ പത്തെണ്ണം സൃഷ്ടിക്കും. ചിലപ്പോൾ വലിയ അബദ്ധങ്ങളാകും അവ. അതിന്റെ ധാർമ്മികത ഉൾപ്പെടെയുള്ള വശങ്ങൾ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് മാദ്ധ്യമപ്രവർത്തകനാണ്. അത് ചെയ്യാതെ മുഴുവൻ നിർമ്മിതബുദ്ധിക്ക് വിടുന്ന മാദ്ധ്യമപ്രവർത്തകരാണ് തിരിച്ചടി നേരിടുന്നത്.
ലേഖനങ്ങൾ എഴുതാനുള്ള ഗവേഷണങ്ങൾക്കും വിവര ശേഖരണത്തിനും എ.ഐ സഹായിക്കും. ആ ലേഖനത്തിന് വൈകാരികത നൽകാൻ മനുഷ്യ ഹൃദയത്തിനേ സാധിക്കുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, എം.എം.ടി.വി ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് എന്നിവർ സംസാരിച്ചു.