
വട്ടിയൂർക്കാവ്: തിട്ടമംഗലത്തിന് സമീപം അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് സ്‌പെയർ പാർട്സും മൊബൈലും മോഷ്ടിച്ച പ്രതികളിൽ ഒരാളെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റുചെയ്‌തു.
പേരൂർക്കട മണ്ണാമൂല ശാന്തിനഗർ ജി.കെ.ഭവനിൽ കാർത്തിക്കാണ് (28) അറസ്റ്റിലായത്. കേസിൽ ഒരാൾ പിടിയിലാകാനുണ്ട്. തിട്ടമംഗലം പുലരി നഗറിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്. അപകടസ്ഥലത്തെത്തിയ മോഷ്ടാക്കൾ വർക്ക് ഷോപ്പുകാരെന്ന വ്യാജേന സ്‌കൂട്ടർ സ്ഥലത്തുനിന്ന് ഉരുട്ടിമാറ്റി ഇടറോഡിൽ വച്ച് ബാറ്ററിയും സ്‌കൂട്ടർ ബോക്‌സ് കുത്തിപ്പൊളിച്ച് മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് എസ്.എച്ച്.ഒ അജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. മോഷണമുതലുകൾ കണ്ടെടുത്തു. ഇയാളെ റിമാൻഡ് ചെയ്‌തു.