1

വിഴിഞ്ഞം: കോട്ടുകാൽ സിവിൽ ‌സ്റ്റേഷൻ മന്ദിരനിർമ്മാണം അനിശ്ചിതത്വത്തിൽ. ഫണ്ടില്ലാത്തതിനാൽ നിർമ്മാണം തുടങ്ങി 12 വർഷമായിട്ടും മന്ദിരനിർമ്മാണം പൂർത്തിയാക്കാനായിട്ടില്ല. വർഷങ്ങളോളം പണി നടക്കാതിരുന്ന മന്ദിരത്തിൽ ഈ അടുത്ത കാലത്ത് കോട്ടുകാൽ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ 50 ലക്ഷത്തോളം രൂപ മുടക്കി നിർമ്മാണം പുനരാരംഭിച്ചുവെങ്കിലും ഫണ്ട് തീർന്നതോടെ നിർമ്മാണം നിലച്ചു.

നിലവിൽ മന്ദിരത്തിനു ചുറ്റും കുറ്റിക്കാടുകൾ നിറഞ്ഞ നിലയിലാണ്. 2010 ലെ പഞ്ചായത്തു ഭരണസമിതിയാണ് പുതിയ സിവിൽ സ്റ്റേഷൻ നിർമ്മാണ പദ്ധതിക്കു തുടക്കമിട്ടത്. 2012ൽ നിർമ്മാണം ആരംഭിച്ചു. പഞ്ചായത്തിനു കീഴിലെ സ്ഥാപനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തിലാണ് 30 ലധികം സെന്റ് വരുന്ന ഭൂമിയിൽ മൂന്നു നിലമന്ദിരം നിർമ്മിച്ചു തുടങ്ങിയത്.

2015ൽ പണി നിലച്ചു

ലോകബാങ്ക് ധന സഹായത്തോടെ തുടങ്ങിയ നിർമ്മാണം ആദ്യഘട്ടത്തിൽ അതിവേഗമായിരുന്നുവെന്നു പൊതു പ്രവർത്തകരും നാട്ടുകാരും പറയുന്നു. മൂന്നുവർഷത്തോളം നിർമ്മാണം തടസമില്ലാതെ നടന്നുവെങ്കിലും 2015 ഓടെ കരാറുകാരനും എൻജിനിയറിംഗ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തിൽ പണി നിലച്ചു. മുന്നു വർഷത്തോളം പണി തടസ്സപ്പെട്ടു. ഇതിനു പിന്നാലെ കൊവിഡ് കൂടി വന്നതോടെ പദ്ധതി പൂർണമായി നിലച്ച സ്ഥിതിയിലായി.

പ്രദേശം കാടുകയറിയ നിലയിൽ

ആരും തിരിഞ്ഞു നോക്കാതായതോടെ പദ്ധതി പ്രദേശവും മന്ദിരവും കുറ്റിക്കാടിനുള്ളിലായി. ഇതിനു പിന്നാലെ പഞ്ചായത്ത് ഭരണം മാറി. പിന്നീടുവന്ന പഞ്ചായത്തു സമിതി കഴിയുന്ന തുക വകയിരുത്തിയെങ്കിലും കുറച്ചു ഭാഗത്തെ നിർമ്മാണത്തിനു മാത്രമാണ് തികഞ്ഞിരുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. മന്ദിരം മഴ നനഞ്ഞു തുടങ്ങിയതോടെ മേൽ കൂരയിൽ ഷീറ്റ് മേഞ്ഞു. ആസൂത്രണമില്ലാതെയുള്ള രൂപ രേഖയാണ് മന്ദിരത്തിനെന്ന് നിർമ്മാണ സമയത്തേ ആക്ഷേപമുയർന്നിരുന്നു.

നിലവിൽ 50 ലക്ഷത്തോളം രൂപ വകയിരുത്തി നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചുവെന്നും മന്ദിര രൂപകല്പനയുൾപ്പെടെയുള്ളവ പൂർത്തിയായെന്നും ശേഷിച്ച നിർമ്മാണത്തിനു ഫണ്ടുലഭ്യമാക്കാനുള്ള ശ്രമത്തിലാണന്നും ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.