photo

ചിറയിൻകീഴ്: ഇക്കഴിഞ്ഞ ഓണത്തിന് ചതയദിനത്തിൽ യുവാവിനെ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്ത കേസിൽ നാല് പ്രതികൾ കൂടി അറസ്റ്റിൽ. ശാർക്കര ബൈപ്പാസിന് സമീപത്തുള്ള പൂക്കടയിലെ ജീവനക്കാരനായ വിഷ്ണുവിനെ ആക്രമിച്ച കേസിൽ കൊയ്തൂർക്കോണം മോഹനപുരം കബറടിക്ക് സമീപം കുന്നുംപുറം വീട്ടിൽ നൗഫൽ, ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ ഊന്നുകല്ലുമുക്കിനു സമീപം മിനിമന്ദിരത്തിൽ യദു കൃഷ്ണൻ, ചിറയിൻകീഴ് ബീച്ച് റോഡ് വടക്കേതുരുത്തിയിൽ ആരതി വീട്ടിൽ രാഹുൽ, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സമീപം മുളമൂട് ലൈനിൽ വിളയിൽ വീട്ടിൽ ഗസൽ ഗിരി എന്നിവരെയാണ് ചിറയിൻകീഴ് പൊലീസ് പിടികൂടിയത്. പ്രതികൾക്കെതിരെ നരഹത്യ ശ്രമത്തിനുള്ള കുറ്റം ചുമത്തി. കേസിലെ ഒന്നാം പ്രതി നേരെത്തെ പൊലീസ് പിടിയിലായിരുന്നു.

2024 സെപ്തംബർ 17നാണ് കേസിനാസ്പദമായ സംഭവം. വിഷ്ണു ജോലി ചെയ്യുന്ന പൂക്കടയിലെ വാഹനം രാത്രി 9ഓടെ ശാർക്കര പറമ്പിൽ പാർക്ക്ചെയ്യാൻ വരവെ മൂന്നു ബൈക്കുകളിലായെത്തിയ പ്രതികൾ യുവാവിനെ കാറിനുള്ളിൽ തടഞ്ഞുവച്ച് ഇരുമ്പ് വടികൊണ്ട് മർദ്ദിക്കുകയായിരുന്നു. കൂടാതെ വാഹനവും തല്ലിത്തകർത്തു. പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചെന്നായിരുന്നു പരാതി. പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു.