d

തിരുവനന്തപുരം: കിലോമീറ്ററുകൾ സഞ്ചരിച്ച് കേരളത്തിലെത്തുന്ന ദേശാടനപക്ഷികളുടെ താവളമായി പുഞ്ചക്കരി പാടശേഖരം മാറുന്നു. യൂറേഷ്യൻ റൈനെക്ക്, ബൂട്ടഡ് വോർബ്ലർ എന്നീ അപൂർവ പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയത്.
180 ഡിഗ്രിവരെ തല തിരിക്കാൻ കഴിവുള്ള പക്ഷിയായ യൂറേഷ്യൻ റൈനെക്കിനെ പുഞ്ചക്കരിയിൽ കണ്ടെത്തുന്നത് ആദ്യമാണ്. ഉഷ്‌ണമേഖലയിൽ നിന്ന് തെക്കൻ ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും ശീതകാലത്തിൽ കുടിയേറുന്ന പക്ഷികളാണിവ.

ആറ് വർഷത്തിനുശേഷമാണ് ബൂട്ടഡ് വോർബ്ലർ പുഞ്ചക്കരിയിൽ കണ്ടെത്തുന്നത്. തണലുള്ള ചെറിയ മരങ്ങളും പച്ചത്തവളകളുള്ള വയലുകളുമാണ് ഇവയുടെ ആവാസകേന്ദ്രം. പൈൻ വനങ്ങൾ മുതൽ ചതുപ്പ് പ്രദേശങ്ങൾവരെയുള്ള വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഇവയെ കാണുന്നത്. പാകിസ്ഥാൻ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങളിലാണ് കൂടുതലായി ഇവയെ കാണുന്നത്. പക്ഷി നിരീക്ഷകനും ബേർഡ് വാച്ചിംഗ് ടൂറിസ്റ്റുമായ പൂജപ്പുര സ്വദേശി സതീഷ് കുമാരൻ നായരാണ് അപൂർവമായ ഈ പക്ഷികളെ കണ്ടെത്തിയത്.