
തിരുവനന്തപുരം: റേഷൻ കടകളിലെ സ്റ്റോക്ക് പരിശോധിക്കുന്നതിനു പുറമേ, കാർഡ് ഉടമകൾക്ക് കൃത്യമായ അളവിലാണോ സാധനം കിട്ടുന്നത് എന്നും പരിശോധിക്കും.
സാധനങ്ങൾ വാങ്ങി പുറത്തിറങ്ങുന്നവടെ സഞ്ചി പരിശോധിക്കാനും ഭവനസന്ദർശനം നടത്തി റേഷൻ സാധനങ്ങൾ കിട്ടുന്നണ്ടോ എന്ന് ഉറപ്പാക്കാനും ഭക്ഷ്യപൊതുവിതരണ കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കടയിൽ നിന്ന് അരിയും മറ്റു സാധനങ്ങളും വാങ്ങി പുറത്തിറങ്ങമ്പോൾ ബിൽ പ്രകാരമുള്ള അളവിലും തൂക്കത്തിലുമാണോ എന്ന് പരിശോധിക്കാനാണ് നിർദേശം. താലൂക്ക് സപ്ലൈ ഓഫിസർ (ടി.എസ്.ഒ), റേഷനിംഗ് ഓഫിസർ (ആർ.ഒ), റേഷനിംഗ് ഇൻസ്‌പെക്ടർ (ആർ.ഐ)എന്നിവർ പ്രതിമാസം നിർബന്ധമായി നടത്തേണ്ട റേഷൻകടകളുടെ പരിശോധനയിൽ ഇത്തരത്തിൽ കുറഞ്ഞത് 5 കടകളിലെങ്കിലും പരിശോധന നടത്തി ജില്ലാ സപ്ലൈ ഓഫീസർമാർക്കു പ്രത്യേക റിപ്പോർട്ട് നൽകണം. റിപ്പോർട്ടുകൾ എല്ലാ മാസവും ലഭിക്കുന്നണ്ടോ എന്ന് ഡെപ്യൂട്ടി കൺട്രോൾ ഓഫ് റേഷനിംഗ്, ജില്ലാ സപ്ലൈ ഓഫിസർ എന്നിവർ താലൂക്ക് സപ്ലൈ ഓഫിസുകളിലും സിറ്റി റേഷനിംഗ് ഓഫിസുകളിലും പരിശോധന നടത്തുന്ന സമയത്ത് അവലോകനം ചെയ്ത് അവിടത്തെ രജിസ്റ്ററിൽ രേഖപ്പെടുത്തണം.
ടി.എസ്.ഒ, ആർ.ഒ, ആർ.ഐ എന്നിവർ എല്ലാ മാസവും കുറഞ്ഞത് 5 റേഷൻ കാർഡ് ഉടമകളുടെ വീട്ടിലെത്തി കൃത്യമായ അളവിലും തൂക്കത്തിലും ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നണ്ടോയെന്ന് ഉറപ്പാക്കി മൊഴി രേഖപ്പെടുത്തണം വിജിലൻസ് ആവശ്യപ്പെട്ടതു പ്രകാരമാണു നിർദേശമെന്ന് കമ്മിഷണറുടെ ഉത്തരവിൽ വ്യക്തമാക്കി.
തെരുവിലും വീട്ടിലുമുള്ള പരിശോധന അംഗീകരിക്കാനാകില്ലെന്നും കാർഡ് ഉടമകൾ പരസ്പരം ഭക്ഷ്യധാന്യം കൈമാറിയാൽ അതിന്റെ ബാദ്ധ്യത റേഷൻ വ്യാപാരികൾക്ക് ഏറ്റെടുക്കാനാകില്ലെന്നും വ്യക്തമാക്കി അവരുടെ സംഘടനകൾ രംഗത്തെത്തി. അപഹാസ്യമായ പരിശോധനാ നിർദേശമെന്നാണ് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ വിമർശിച്ചത്.