
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ലോക്സഭാംഗം,നിയമസഭാംഗം,ട്രേഡ് യൂണിയൻ നേതാവ്, പത്രപ്രവർത്തകൻ, ക്വിറ്റ് ഇന്ത്യ സമരനേതാവ്, എൽ.ഡി.എഫിന്റെ ആദ്യ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പി.വിശ്വംഭരന്റെ 8-ാം ചരമദിനാചരണവും അതോടൊപ്പം ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ തുടക്കവും ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ വിപുലമായ പരിപാടികളോടെ നടക്കും.
ഇന്ന് രാവിലെ 8ന് വെള്ളാറിലെ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും. തുടർന്ന് 11ന് നടക്കുന്ന പി.വിശ്വംഭരൻ അനുസ്മരണ യോഗവും ജന്മശതാബ്ദി ആഘോഷങ്ങളുടെ തുടക്കവും ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും.ആർ.ജെ.ഡി ജില്ലാപ്രസിഡന്റ് മലയിൻകീഴ് ചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ മുൻമന്ത്രി ഡോ.എ.നീലലോഹിതദാസ് അനുസ്മരണപ്രഭാഷണം നടത്തും.സോഷ്യലിസ്റ്റ് നേതാക്കളായ ഡോ.വർഗീസ് ജോർജ്,കെ.പി.മോഹനൻ എം.എൽ.എ, മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള, മനയത്ത് ചന്ദ്രൻ, മുൻ എം.എൽ.എ ജമീല പ്രകാശം,ഡോ.എൻ.എം.നായർ,പരശുവയ്ക്കൽ രാജേന്ദ്രൻ,കോവളം ടി.എൻ.സരേഷ്,എസ്.സുനിൽ ഖാൻ,വിഴിഞ്ഞം ജയകുമാർ,അരുൺ ചാരുപ്പാറ തുടങ്ങിയവർ പങ്കെടുക്കും.