photo

പാലോട്: ആദിവാസി ഗ്രാമീണ മേഖലയുടെ വികസനത്തിനും പുതുതലമുറയുടെ വിദ്യാഭ്യാസത്തിനും വേണ്ടി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പരിശ്രമിക്കുമ്പോഴും ചെറിയകാര്യങ്ങൾക്കുപോലും ആത്മഹത്യയെ അഭയം പ്രാപിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിൽ അടുത്തിടെ മരിച്ചത് രണ്ട് പെൺകുട്ടികളാണ്. ആത്മഹത്യകൾ പെരുകുന്ന സാഹചര്യത്തിൽ ആദിവാസി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണമോ ആത്മഹത്യയെക്കുറിച്ചുള്ള പഠനമോ കൗൺസലിംഗോ നടത്തണമെന്നാണ് പൊതുവായ ആവശ്യം. ഒരു മാസത്തിനുള്ളിൽ നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, വിതുര പഞ്ചായത്തുകളിൽ മാത്രം 18 നും 25 വയസിനും മദ്ധ്യേ പ്രായമുള്ളവരിൽ ആത്മഹത്യ ചെയ്തത് പതിനേഴോളം പേരാണ്. ആത്മഹത്യയ്ക്ക് പ്രധാന വില്ലനാകുന്നത് ലഹരിയും.

 വില്ലനായി ലഹരി

പൊലീസ്, എക്സൈൈസ് ടീം നേരിട്ട് അന്വേഷണത്തിന് ഇറങ്ങിയിട്ടും ഗ്രാമീണ മേഖലയിലെ ചില പ്രദേശങ്ങളിൽ ഇപ്പോഴും ലഹരി സംഘങ്ങളുടെ വിഹാരം തുടരുകയാണ്. നന്ദിയോട്, പെരിങ്ങമ്മല, പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും സമാന സാഹചര്യമാണുള്ളത്. നിരവധി ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നെങ്കിലും ലഹരി മാഫിയയെ അമർച്ച ചെയ്യാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. സന്ധ്യകഴിഞ്ഞാൽ ഈ വഴി യാത്രചെയ്യാൻപോലും പേടിയാണ്. നന്ദിയോട് മാർക്കറ്റ്, സ്റ്റേഡിയം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിവില്പന നിർബാധം തുടരുകയാണ്.

 ആത്മഹത്യകൾ പെരുകുന്നു

നെടുമങ്ങാട് പട്ടികവർഗ ക്ഷേമ കാര്യാലയത്തിന്റെ പരിധിയിൽ മാത്രം പലതരം ചൂഷണങ്ങൾക്ക് ഇരകളായി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത പെൺകുട്ടികളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെട്ട് മരണംവരിച്ച യുവാക്കളുടെ എണ്ണവും കുറവല്ല. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഇവരിൽ അധികം പേരും. ഇടിഞ്ഞാർ വിട്ടിക്കാവ് ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലും പരിസരത്തുമായി നാല് പെൺകുട്ടികൾ ലഹരി സംഘങ്ങളുടെ കെണിയിൽ കുടുങ്ങി ജീവനൊടുക്കിയത് വിവാദമായിരുന്നു.

 എക്സൈസ് ഓഫീസ് പ്രഖ്യാപനം മാത്രം

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എ.കെ. ബാലൻ പ്രഖ്യാപിച്ച എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്ത കേന്ദ്രവും ഇപ്പോഴും ജലരേഖയായി നിൽക്കുന്നു. ആദിവാസി മേഖലകളിൽ ആത്മഹത്യകൾ പെരുകിയതിനെ തുടർന്ന് മന്ത്രി ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം. വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. അടുത്തടുത്ത സമയത്ത് നാല് പെൺകുട്ടികൾ ആത്മഹത്യ ചെയ്തപ്പോൾ, വീണ്ടും പ്രഖ്യാപനമെത്തി. പാലോട്ട് എക്സൈസ് ഓഫീസ് ഉടനെന്ന്. ഒന്നുമാകാതെ പ്രഖ്യാപനം വീണ്ടും ജലരേഖയായി.