
അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന അസദ് കുടുംബത്തിന്റെ ഭരണത്തിന് സിറിയയിൽ അന്ത്യമായിരിക്കുന്നു. ഡമാസ്‌കസ് പിടിച്ചെടുത്ത് വിജയാഘോഷത്തിലാണ് വിമത സേന. പ്രസിഡന്റ് ബാഷർ അൽ അസദ് റഷ്യയിൽ അഭയം തേടിയതോടെ, ഏകാധിപത്യത്തിന്റെ അടിച്ചമർത്തലുകളും സംഘർഷഭരിതവും രക്തരൂഷിതവുമായ കലാപങ്ങളും വീർപ്പുമുട്ടിച്ച സിറിയ തത്‌കാലത്തേക്ക് അതിൽ നിന്നെല്ലാം മോചിതയായിരിക്കുകയാണ്. പക്ഷേ അസദിന്റെ പലായനത്തിലൂടെ സിറിയയിൽ പൂർണമായ ജനാധിപത്യവും സമാധാനവും പുനഃസ്ഥാപിക്കപ്പെടാനുള്ള സാദ്ധ്യത വിരളമാണ്. കാരണം, നിലവിൽ ഡമാസ്‌കസ് പിടിച്ച ഹയാത്ത് താഹ്‌രിർ അൽ- ഷാം, അൽക്വ ഇദയുമായി അടുത്ത ബന്ധം പുലർത്തുന്ന സംഘടനയാണ്. ഇവരെ സഹായിക്കുന്ന അമേരിക്കൻ പിന്തുണയുള്ള കുർദിഷ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് അൽ ക്വ ഇദയ്ക്ക് എതിരാണ്. തുർക്കി പിന്തുണയ്ക്കുന്ന സിറിയൻ നാഷണൽ ആർമിക്ക് ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായ ലക്ഷ്യമാണുള്ളത്.
ബാഷർ അൽ അസദ് എന്ന പൊതുശത്രുവിനെ നേരിടാൻ വിരുദ്ധ താത്‌പര്യങ്ങളുള്ള ഇവരെല്ലാം ഒന്നിച്ചെങ്കിലും ഇനിയങ്ങോട്ട് ഈ യോജിപ്പ് തുടരണമെന്നില്ല. അതിനാൽ രാജ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിന്റെ പിടിയിൽത്തന്നെ തുടരാനാണ് സാദ്ധ്യത. 1971-ൽ മുൻ പ്രസിഡന്റ് ഹാഫിസ് അൽ അസദാണ് സിറിയയിൽ കുടുംബാധിപത്യത്തിന് തുടക്കമിട്ടത്. 2000-ൽ ഹൃദയാഘാതത്തെത്തുടർന്ന് ഹാഫിസ് മരിച്ചതോടെയാണ് ബാഷർ പ്രസിഡന്റായത്. തുടക്കത്തിൽ വലിയ പ്രതീക്ഷകൾ ഉയർത്തിയിരുന്നതാണ് ബാഷറിന്റെ ഭരണം. ഡമാസ്‌കസിലെ കൊട്ടാരസമാനമായ പ്രസിഡന്റിന്റെ വസതി വിട്ട് മറ്റൊരിടത്താണ് അദ്ദേഹം താമസിച്ചത്. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുകയും കലയും രാഷ്ട്രീയവും സംസ്കാരവും പൊതുയിടങ്ങളിൽ ചർച്ച ചെയ്യാൻ അനുവദിക്കുകയും ചെയ്തു.
എന്നാൽ ബാഷറിന് പാളിപ്പോയത് സാമ്പത്തിക പരിഷ്കാരങ്ങളുടെ കാര്യത്തിലായിരുന്നു. ഇത് സമൂഹത്തിൽ വലിയ തോതിലുള്ള അസമത്വങ്ങൾക്ക് ഇടയാക്കി. ബാഷറിന്റെ ബാത്ത് പാർട്ടിയിൽ നിന്ന് ഗ്രാമീണരും തൊഴിലാളിവർഗവും ബിസിനസുകാരും അകലുകയും, ബഹുകക്ഷി ജനാധിപത്യവും കൂടുതൽ സ്വാതന്ത്ര്യവും ജനങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ബാഷർ ഏകാധിപത്യത്തിന്റെ ദംഷ്ട്രകൾ പുറത്തുകാണിച്ചുകൊണ്ടുള്ള നിഷ്ഠൂരമായ നടപടികൾക്ക് തുടക്കം കുറിച്ചു. ജയിലുകൾ എതിരാളികളെക്കൊണ്ട് നിറച്ചു. ആരെയും ഏതു നിമിഷവും രഹസ്യ പൊലീസുകാർ പിടിച്ചുകൊണ്ടുപോകുമെന്നുള്ള സ്ഥിതിയായി. സിറിയയിൽ ആഭ്യന്തരയുദ്ധം തുടങ്ങിയ 2011 മുതൽ ഇതുവരെ നാല് ലക്ഷത്തോളം പേർ കൊല്ലപ്പെട്ടു. അതിന്റെ ഇരട്ടി ആളുകൾ രാജ്യം വിട്ട് ഓടിപ്പോയി.
പശ്ചിമേഷ്യയിലെ ഇസ്രയേലും പാലസ്‌തീനും ഇറാനും മറ്റും ഉൾപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സിറിയയിൽ വിമതർ വീണ്ടും ശക്തമായ തിരിച്ചടി തുടങ്ങിയത്. ബാഷറിനെ പിന്തുണച്ചിരുന്ന റഷ്യയും ഇറാനുമെല്ലാം പ്രശ്നത്തിൽപ്പെട്ടു കിടക്കുന്ന സമയം വിമതർ പ്രയോജനപ്പെടുത്തുകയായിരുന്നു. വിമതരെ തുർക്കി നല്ലപോലെ പിന്തുണയ്ക്കുകയും ചെയ്തു. അമേരിക്കയുടെ കളികളും ഇതിനു പിന്നിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് നയതന്ത്ര വിദഗ്ദ്ധർ നിരീക്ഷിക്കുന്നത്. ഇന്ത്യയോട് സൗഹൃദപരമായ ബന്ധമാണ് അസദ് ഗവൺമെന്റ് സ്വീകരിച്ചിരുന്നത്. പുതിയ വിമതരുടെ നേതൃത്വത്തിലുള്ളവരുടെ സമീപനം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാനാകില്ല. പശ്ചിമേഷ്യ സംഘർഷഭൂമിയാകുന്നതിനൊപ്പം ബംഗ്ളാദേശിലെ അട്ടിമറിയും ഇന്ത്യയുടെ ആശങ്ക വർദ്ധിപ്പിക്കുന്നതാണ്.