പാങ്ങോട്: ധനകാര്യ വകുപ്പിൽ ജോലിയുള്ള യുവതി വിധവാപെൻഷൻ കൈപ്പറ്റുന്നതായി പരാതി. പാങ്ങോട് മംഗലത്തുവിള റോഡരികത്ത് വീട്ടിൽ സുലഭ വിധവാപെൻഷൻ കൈപ്പറ്റുന്നതായി കാണിച്ച് പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എം.ഷാഫിയാണ് ഉന്നതാധികൃതർക്ക് പരാതി നൽകിയത്.പരാതിയിൽ പറയുന്നത്: 2023 ജൂലായിൽ സുലഭയ്ക്ക് നെടുമങ്ങാട് ട്രഷറിയിൽ ജോലി ലഭിച്ചിരുന്നു. എന്നിട്ടും 2024 ഫെബ്രുവരി വരെയുള്ള പെൻഷൻ തുക മുഴുവൻ കൈപ്പറ്റുകയും 2024 ഏപ്രിൽ മുതൽ കേന്ദ്രവിഹിതമായ 300 രൂപ ഇന്ത്യൻ ഓവർസീസ് ബാങ്ക് വഴിയും കൈപ്പറ്റുന്നുണ്ട്. സർക്കാർ ഉദ്യോഗം ലഭിച്ചതിനുശേഷം വിധവ പെൻഷൻ റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ പഞ്ചായത്തിൽ നൽകിയിട്ടില്ല. മാത്രമല്ല 2024 ജൂലായ് 15ന് പെൻഷൻ ലഭിക്കുന്നതിനായി മസ്റ്ററിംഗ് ചെയ്തിട്ടുമുണ്ട്. സർക്കാരിനെയും ധനകാര്യവകുപ്പിനെയും കബളിപ്പിച്ചു എന്നും മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ.