
നെയ്യാറ്റിൻകര: ഗ്യാസ് ക്രിമിറ്റോറിയവും ചവർ സംസ്കരണ പ്ലാന്റും നിർമ്മിക്കാനുള്ള നഗരസഭയുടെ ശ്രമം നാട്ടുകാർ തടഞ്ഞു. നെയ്യാറ്രിൻകര മലഞ്ചാണി കടുവാക്കുഴി മലയിൽ ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. മരം മുറിക്കാനെത്തിയ കരാറുകാരെ നാട്ടുകാരായ സ്ത്രീകളുടെ നേതൃത്വത്തിലാണ് തടഞ്ഞത്. ഉപരോധം മറികടന്ന് മരം മുറിച്ചതോടെ സമരത്തിൽ പങ്കെടുത്ത സ്ത്രീകളുടെ ആത്മഹത്യാശ്രമം നെയ്യാറ്റിൻകര പൊലീസ് തടഞ്ഞു. മരം മുറിക്കാൻ എത്തിയവർ സമരക്കാരായ സ്ത്രീകളെ പിടിച്ചുതള്ളിയതായും പരാതിയുണ്ട്. മലഞ്ചാണി, കടുവാക്കുഴി മലയിൽ ഗ്യാസ് ക്രിമിറ്റോറിയവും മാലിന്യ നിക്ഷേപവും, അനുവദിക്കില്ലെന്ന് മലഞ്ചാണി സമരസമിതി നേരത്തെ അറിയിച്ചിരുന്നു. പദ്ധതി പ്രദേശത്തുള്ള മരം മുറിക്കാൻ കരാറുകാർ എത്തിയതോടെ സമരക്കാരായ സ്ത്രീകൾ പെട്രോൾ നിറച്ച് കന്നാസുമായി ആത്മഹത്യാശ്രമം നടത്തി. സ്.ഐ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് അത് തടഞ്ഞു. നഗരസഭ ഏറ്റെടുത്ത ഒന്നര ഏക്കർ സ്ഥലം മലമുകളിൽ നിന്ന് നികത്തുന്നതോടെ പരിസ്ഥിതിക്ക് ആഘാതം ഉണ്ടാകുമെന്നും വലിയ മഴയിൽ മണ്ണൊലിപ്പും, ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന് സമര സമിതി പറഞ്ഞു. ആത്മഹത്യാശ്രമം ഉയർന്നതോടെ മരം മുറിക്കൽ അവസാനിപ്പിച്ച് കരാറുകാരൻ മടങ്ങി.