vjinam

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റിന്റെ വ്യാപക പരിശോധന. 25ലധികം ബസുകൾ പരിശോധിച്ചതിൽ നിരവധി സ്വകാര്യ ബസുകൾ ഓടുന്നത് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തി. ഒരു ബസിന്റെ ഫിറ്റ്നെസും റദ്ദാക്കി. നിരവധി വാഹനങ്ങൾക്ക് നോട്ടീസ് നൽകി. നാടക സംഘത്തിന്റെ ബസിന് നികുതി വെട്ടിപ്പിന് നോട്ടീസ്. മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌‌മെന്റ് ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിലും വിവിധ റോഡുകൾ കേന്ദ്രീകരിച്ചും നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ലൈസൻസ്, ടൈംഷീറ്റ്, വാഹനത്തിലെ എയർഹോൺ, ടയർ, സീറ്റ്, ലൈറ്റുകൾ തുടങ്ങി നിരവധി പരിശോധനകൾ എൻഫോഴ്സ്‌മെന്റ് നടത്തി. സ്കൂൾ വാഹന പെർമ്മിറ്റിന്റെ മറവിൽ നാടകസംഘം യാത്രയ്ക്ക് ഉപയോഗിക്കുന്ന മിനി ബസിനും നികുതി വെട്ടിപ്പിന് നോട്ടീസ് നൽകി. സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുക, പെർമിറ്റിൽ പറയുന്ന സ്ഥലത്ത് പോകാതിരിക്കുക, പകുതിയിൽ യാത്ര അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ചട്ടലംഘനങ്ങൾ കണ്ടെത്തി. എൻഫോഴ്സ്‌മെന്റുകാരുടെ പരിശോധനാ സമയങ്ങളിൽ പകുതിയോളം ബസുകൾ സ്റ്റാൻഡിലെത്താതിരുന്നത് യാത്രക്കാരെ വലച്ചു. യാത്രക്കാരുടെ യാത്രാസമയം നീളാതിരിക്കാൻ വേഗത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയും ബോധവത്കരണവും മതിയാക്കി.

വകുപ്പ് മന്ത്രിക്ക് നിവേദനം

സ്വകാര്യ ബസുകളിൽ അധികൃതർ നിരന്തരം നടത്തുന്ന പരിശോധനകൾക്കെതിരെ ബസ് ഓണേഴ്സ് അസോസിയേഷൻ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകും. വലിയ സാമ്പത്തിക നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നതെന്നും ഇതിനുപുറമേ ട്രിപ്പ് മുടക്കിയുള്ള പരിശോധനകൾ കൂടുതൽ നഷ്ടമുണ്ടാക്കുമെന്നും നിവേദനത്തിലുൾപ്പെടുത്തും. നടപടിയില്ലെങ്കിൽ സ്വകാര്യ ബസുകൾ വരുംദിവസങ്ങളിൽ സൂചനാപണിമുടക്കും തുടർന്ന് അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് മുന്നറിയിപ്പ് നൽകി.

എയർഹോൺ നിരോധിച്ചു

സ്വകാര്യ ബസുകളിൽ വ്യാപകമായി എയർ ഹോൺ സ്ഥാപിച്ചിരിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. പരിശോധനയിൽ കണ്ടെത്തിയാൽ നിശ്ചിതതുക ഫൈനായി ഈടാക്കുകയും ഹോൺ ഇളക്കി മാറ്റാനും നടപടി സ്വീകരിക്കും.

കണ്ടക്ടർക്ക് ലൈസൻസ്

പരിശോധനയിൽ കണ്ടക്ടർക്ക് ഡ്രൈവിംഗ് ലൈസൻസ് മാത്രം. ഇത് നിയമലംഘനമാണെന്നും തുടർന്നാൽ നടപടി ഉറപ്പെന്നും മുന്നറിയിപ്പ്.