1

ദമ്പതികളുടെ ശബ്ദമായി സി.എ വിദ്യാർത്ഥിനി ആരതി

തിരുവനന്തപുരം : വിഷയങ്ങൾ പറയാനും ആശ്വാസവാക്കുകൾ കേൾക്കാനും കഴിയാത്ത ദമ്പതികൾക്ക് കരുതലും കൈത്താങ്ങുമായി ഇന്നലെ നടന്ന തിരുവനന്തപുരം താലൂക്കുതല അദാലത്ത്. മിണ്ടാനും കേൾക്കാനുമാകാത്ത കഠിനംകുളം സ്വദേശികളായ സുരേഷിനും പാർവതിക്കും തലചായ്ക്കാൻ വീടുവേണമെന്നതായിരുന്നു ആവശ്യം. ഇവരെ പഞ്ചായത്തിന്റെ മണ്ണും വീടും പദ്ധതിയിൽ ഉൾപ്പെടുത്താൻ അദാലത്തിൽ തീരുമാനമെടുത്തതോടെ ഇരുവർക്കും മുന്നോട്ടു ജീവിക്കാനുള്ള ഊർജ്ജമായി. ഇരുവരെയും അദാലത്തിലെത്തിച്ചത് ഏണിക്കര സ്വദേശിയായ സി.എ വിദ്യാർത്ഥിനി ആരതിയാണ്. തന്റെ അമ്മൂമ്മ രാജമ്മയുടെ പരിചയക്കാരാണ് സുരേഷും പാർവതിയും.സുരേഷിന്റെ അമ്മ മരിച്ചതോടെ കഠിനംകുളത്തെ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട ഇരുവരും ജോലിതേടി പാലക്കാട്ടേക്ക് പോയി. 10 വർഷത്തിലധികം അവിടെ ലോട്ടറി കച്ചവടം നടത്തി. ശാരീരിക അവശതകളാൽ ജോലി ചെയ്യാനാകാതെ വാടക പോലും നൽകാനാവാത്ത സ്ഥിതിയായതോടെ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പിന്നാലെ ഇവർ ആരതിയുടെ അമ്മൂമ്മയെ തേടിയെത്തി.ആത്മഹത്യയുടെ വക്കിലാണെന്നും ആഹാരം കഴിക്കാൻ പോലുമില്ല, ജീവിക്കാൻ വഴിയില്ലെന്നുമെല്ലാം സുരേഷും പാർവതിയും പേപ്പറിൽ എഴുതിക്കാണിച്ചതോടെ രാജമ്മയും വിഷമത്തിലായി. ഇന്നലെ രാവിലെ വീട്ടിൽ പത്രമെത്തിയപ്പോൾ സുരേഷ് തന്നെയാണ് അദാലത്തിനെക്കുറിച്ച് അറിയുന്നത്. ഉടൻ പത്രവുമായി സുരേഷ് ആരതിയുടെ അടുത്തെത്തി. അപ്പോഴേക്കും സമയം ഒൻപത്. ആരതി സമയം പാഴാക്കിയില്ല. തന്റെ ഓൺലൈൻ ക്ലാസ് ഒഴിവാക്കി ഇരുവരെയും കൂട്ടി അദാലത്തിലെത്തി.

നന്ദി എഴുതി പാർവതി !

'പരാതി കേട്ടതിലും അനുകൂല മറുപടി ലഭിച്ചതിലും സർക്കാരിന് നന്ദി' എന്ന് ഒരു കഷണം പേപ്പറിൽ പാർവതി എഴുതിക്കാണിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന സുരേഷിന്റെ കണ്ണും നിറഞ്ഞു. അനുകൂല മറുപടി ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ താലൂക്കുമായി ബന്ധപ്പെടാനാണ് നിർദ്ദേശം നൽകിയത്. ബന്ധപ്പെടാനുള്ള നമ്പർ ആരതി വാങ്ങി. ഇക്കാര്യം കൃത്യമായി അന്വേഷിച്ച് ഇവർക്ക് വീട് ഉറപ്പാക്കണമെന്നാണ് ആഗ്രഹമെന്ന് ആരതിയും പറഞ്ഞു.