photo

പാലോട്: നന്ദിയോട് ഇളവട്ടത്ത് നവവധു ഇന്ദുജ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പിടിയിലായ ഭർത്താവ് അഭിജിത്തിനെയും സുഹൃത്ത് അജാസിനെയും കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

മരണത്തിൽ അഭിജിത്തിന്റെ കുടുംബത്തിന്റെ പങ്കും അന്വേഷിക്കണമെന്ന് ഇന്ദുജയുടെ കുടുംബം ആവശ്യപ്പെട്ടു. അഭിജിത്തിന്റെ വീട്ടിൽ ഇന്ദുജയെ ഒറ്റപ്പെടുത്തിയിരുന്നതായും ജാതി അധിക്ഷേപം നടത്തിയെന്നുമാണ് ആരോപണം. ആത്മഹത്യ ചെയ്‌തതിന്റെ തലേദിവസം ഫോണിൽ വിളിച്ചപ്പോൾ ഇന്ദുജ സന്തോഷത്തോടെയാണ് സംസാരിച്ചതെന്ന് സഹോദരൻ ഷിനു പറഞ്ഞു. മരണത്തിന് പ്രധാന കാരണക്കാരൻ അജാസാണെന്നും ഭർത്താവ് അഭിജിത്തിനേക്കാൾ ഇന്ദുജയെ നിയന്ത്രിച്ചിരുന്നത് ഇയാളാണെന്നുമാണ് പൊലീസ് പറയുന്നത്.

ഇന്ദുജയുടെ ഫോണിന്റെ പാസ്‌വേർഡ് ഉൾപ്പെടെ അജാസിന്റെ നിയന്ത്രണത്തിലായിരുന്നു. മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അജാസ് ഇന്ദുജയെ കാറിൽ കയറ്റിക്കൊണ്ടുപോയി ശംഖുംമുഖത്തുവച്ച് മർദ്ദിച്ചത്. ഇവർ ശംഖുംമുഖത്ത് പോയതും ആത്മഹത്യ ചെയ്‌തപ്പോൾ ഇന്ദുജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതും ഒരേ കാറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കാർ പൊലീസ് കസ്റ്റഡിയിലാണ്. മരണത്തിനു മുമ്പ് ഇന്ദുജയുടെ ഫോൺ ഫോർമാറ്റ് ചെയ്‌തതും അജാസാണെന്ന് പൊലീസിന് വ്യക്തമായി.

റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.സുശീലൻ,പഞ്ചായത്ത് മെമ്പർ ഷീബാ ഷാനവാസ്,ബി.എൽ.കൃഷ്ണപ്രസാദ്,ഊരുമൂപ്പൻ ബാലകൃഷ്ണൻ കാണി തുടങ്ങിയവർ ഇന്ദുജയുടെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ചു.