s

തിരുവനന്തപുരം: ഉപ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി .ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കരകൗശല വികസന കോർപ്പറേഷൻ ചെയർമാനുമായ പി.രാമഭദ്രൻ ഉദ്‌ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗക്കാർക്ക് ഉപസംവരണം വേണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കമ്മീഷനെ നിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംവരണത്തിലൂടെ അവകാശങ്ങൾ വിതരണം ചെയ്യുമ്പോൾ അസന്തുലിതാവസ്ഥയുണ്ട്. ചില സമുദായങ്ങൾക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നില്ല. പട്ടികജാതിയിലെ ഏറ്റവും പിന്നാക്കമായ വേടർ സമുദായത്തിൽ ഡോക്ടറേറ്റ് ലഭിച്ച യുവതിക്ക് പോലും ജോലി ലഭിച്ചിട്ടില്ല. 69 സമുദായങ്ങളുള്ള പട്ടികജാതിയിൽ അതിപിന്നാക്ക സമുദായങ്ങളുണ്ട്. അവരിൽ മഹാഭൂരിപക്ഷത്തിനും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നില്ല. പട്ടികവർഗ ലിസ്റ്റിൽ 43 സമുദായങ്ങളാണുള്ളത്. 90 ശതമാനം സംവരണവും ഇവരിലെ നാല് സമുദായങ്ങളാണ് നേടിയെടുക്കുന്നത്. സംവരണത്തിലൂടെയുള്ള രാഷ്ട്രീയ അധികാരവും ഇത്തരത്തിലാണ് കൈക്കലാക്കുന്നത്. ഈ വിവേചനത്തിന് പരിഹാരം കണ്ടേ മതിയാകൂവെന്നും പി.രാമഭദ്രൻ പറഞ്ഞു.

സിദ്ധനർ സർവീസ് സൊസൈറ്റി പ്രസിഡന്റ് ഒ.സുധാമണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.രവികുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ആർ.ദിലീപ് കുമാർ, കെ.അജിമോൻ, അഡ്വ.ലാൽജിമോൻ, ആറ്റിങ്ങൽ ബാലകൃഷ്ണൻ, ആർ.രാഹുൽ, എ.രാഘവൻ, പള്ളിക്കൽ രഘു, കെ.പി.മധു, എം.എൻ.സുനിൽകുമാർ, ആർ.രാജ്, ടി.ഉഷ തുടങ്ങിയവർ സംസാരിച്ചു.