
മോഹൻലാലും ജിതു മാധവനും ഇതാദ്യമായി ഒരുമിക്കുന്നു. ആക്ഷൻ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ചിൽ ആരംഭിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. രോമാഞ്ചം, ആവേശം എന്നീ ബ്ളോക്ക് ബസ്റ്ററിനുശേഷം ജിതു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. യുവ സംവിധായകരിൽ ശ്രദ്ധേയനായ ജിതു മാധവനും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രം വൻപ്രതീക്ഷ നൽകുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരം അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. എമ്പുരാൻ പൂർത്തിയാക്കിയ മോഹൻലാൽ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ ഉടൻ ജോയിൻ ചെയ്യും. ഈ ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന് താടിയുണ്ടാകില്ല. മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ഹൃദയപൂർവം എന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. സംഗീത, സംഗീത് പ്രതാപ് എന്നിവരാണ് മറ്റു താരങ്ങൾ. ഇതാദ്യമായാണ് സത്യൻ അന്തിക്കാട് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും സംഗീതയും അഭിനയിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ കഥയ്ക്ക് ടി.പി. സോനു തിരക്കഥയും സംഭാഷണവും എഴുതുന്നു.
പൂനെയും കൊച്ചിയുമാണ് ലൊക്കേഷനുകൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂർവം നിർമ്മിക്കുന്നത്. ഹൃദയപൂർവം പൂർത്തിയാക്കിയശേഷം മോഹൻലാൽ മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്യും. ചിത്രത്തിന്റെ ശ്രീലങ്കയിലെ ആദ്യ ഷെഡ്യൂളിൽ മോഹൻലാൽ പങ്കെടുത്തിരുന്നു.
മഹേഷ് നാരായണന്റെ ചിത്രത്തിന്റെ തുടർചിത്രീകരണത്തിലും മോഹൻലാൽ കഥാപാത്രത്തിന് താടിയുണ്ടാകില്ല. മഹേഷ് നാരായണൻ ചിത്രം പൂർത്തിയാക്കിയശേഷം മോഹൻലാൽ ജിതു മാധവന്റെ ചിത്രത്തിലാണ് അഭിനയിക്കുക. പുതുവർഷത്തിൽ വമ്പൻ പ്രോജക്ടുകളാണ് മോഹൻലാലിന്റേത് ആയി ഒരുങ്ങുന്നത്.
മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് ഡിസംബർ 25ന് റിലീസ് ചെയ്യും. ജനുവരി റിലീസായാണ് മോഹൻലാൽ- തരുൺ മൂർത്തി ചിത്രം തുടരും. ആഗസ്റ്റിൽ ഓണം റിലീസായി ഹൃദയപൂർവം തിയേറ്ററിലെത്തും.