air

തിരുവനന്തപുരം: വിമാനത്താവളങ്ങളിലെ റൺവേയ്ക്ക് മുകളിലൂടെ പട്ടം,​ പക്ഷികൾ,​ ഡ്രോൺ എന്നിവയുടെ പറക്കൽ കാരണം വിമാന സർവീസുകൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം റൺവേയ്ക്ക് 200 അടി മുകളിലാണ് പട്ടം കണ്ടത്. ഇത് 6 വിമാനങ്ങളുടെ സർവീസിനെയാണ് ബാധിച്ചത്. വിമാനത്താവളത്തിന്റെ പത്ത് കിലോമീറ്റർ പരിധിയിൽ പട്ടംപറത്തലിന് നിരോധനമുണ്ട്. റൺവേ പരിധിയിലെ പട്ടംപറത്തലിന് രണ്ടുവർഷം തടവും 10ലക്ഷം പിഴയും കിട്ടാം. അതേസമയം,​ റൺവേയ്ക്ക് മുകളിൽ പക്ഷിക്കൂട്ടത്തെ കാണുന്നതും സർവീസുകളെ ബാധിക്കുന്നുണ്ട്.

പതിനായിരം സർവീസുകളിൽ ഒറ്റ പക്ഷിയിടി മാത്രമേ വരാവൂ എന്നാണ് കണക്ക്. എന്നാൽ പത്തോളം പക്ഷിയിടിക്കൽ എല്ലാമാസവും ഉണ്ടാകുന്നു. ഇക്കൊല്ലം 51പക്ഷിയിടിയാണ് റിപ്പോർട്ട് ചെയ്തത്. നാലുമാസം മുമ്പ് എയർഇന്ത്യാ വിമാനത്തിന്റെ ലാൻഡിംഗിനിടെ എൻജിനിൽ കൊക്ക് ഇടിച്ചിരുന്നു. ഒമാൻ എയർവേയ്സിൽ പരുന്തിടിച്ച് ബ്രേക്കിംഗ് സംവിധാനം തകരാറിലായി. ഇറച്ചിമാലിന്യ സംസ്കരണത്തിന് മൂന്നരക്കോടി ചെലവിൽ മുട്ടത്തറയിൽ പ്ലാന്റ് വരുന്നുണ്ട്. ഇതിനായി അദാനിഗ്രൂപ്പ് ഒരുകോടി നൽകും.

 നിലയ്ക്കാതെ പക്ഷിയിടി

റൺവേയുടെ പരിസരത്ത് പക്ഷിക്കൂട്ടം കാരണം വിമാനങ്ങളെത്തുമ്പോൾ വെടിശബ്ദം ഉയർത്താറുണ്ട്. വിമാനത്താവളത്തിന് സമീപത്തെ അറവുമാലിന്യ ശേഖരം നിയന്ത്രിച്ചില്ലെങ്കിൽ അപകടമുണ്ടാവുമെന്ന് എയർപോർട്ട് അതോറിട്ടി പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു. എയർക്രാഫ്‌റ്റ് റൂൾ പ്രകാരം വിമാനത്താവളത്തിന്റെ പത്ത് കിലോമീറ്റർ പരിധിയിൽ തുറന്ന അറവുശാലകൾ പാടില്ല. ഇത് പാലിക്കാത്തവർക്കെതിരെ കേസെടുക്കാനും നിയമമുണ്ട്. അറവുമാലിന്യം ഭക്ഷിക്കാനെത്തുന്ന പരുന്ത്, പ്രാവ്, കാക്ക, കൊക്ക്, മൂങ്ങ എന്നിവയുടെ കൂട്ടം വിമാനങ്ങൾക്ക് ഭീഷണിയാണ്. പക്ഷിയിടിച്ചാൽ വിമാനത്തിന്റെ എൻജിൻ തകരാറിലാവും, നിയന്ത്രണം വരെ തെറ്റാം.

ഭീഷണിയായി ഡ്രോണും

നാളുകൾക്കു മുമ്പ് റൺവേയിൽ ഡ്രോൺ തകർന്നുവീണത് അധികൃതരെ പരിഭ്രാന്തരാക്കിയിരുന്നു. എന്നാൽ ഇത് കുട്ടികൾ കളിക്കുന്ന ഡ്രോണാണെന്ന് പിന്നീട് കണ്ടെത്തി. വിമാനത്താവളത്തിന്റെ 3കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ നിരോധനമുണ്ട്. ഡ്രോണുകൾ വിമാനവുമായി കൂട്ടിയിടിച്ചാൽ വിമാനത്തിന്റെ നിയന്ത്രണം തെറ്റും. എൻജിൻ തകരാറിലായി തീപിടിക്കാനും ഡിജിറ്റൽ നിയന്ത്രണസംവിധാനം തകരാറിലാകാനും സാദ്ധ്യതയുണ്ട്. ഡ്രോണിന്റെ അതിവേഗം കറങ്ങുന്ന പ്രൊപ്പല്ലറുകൾ ആഘാതംകൂട്ടും. വിമാനത്താവളത്തിലെ വ്യോമപാതയിൽ 3വട്ടം ഡ്രോണുകളെത്തിയെന്ന് കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിനടുത്ത് ഡ്രോൺ പറത്തുന്നത് എയർക്രാഫ്ട് നിയമപ്രകാരം രണ്ടുവർഷം തടവും 10ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്.