തിരുവനന്തപുരം : മന്ത്രിമാർ നേരിട്ടെത്തിയ കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിൽ ഏറെയുമെത്തിയത് റേഷൻ കാർഡിനു വേണ്ടിയുള്ള പരാതിക്കാരായിരുന്നു. ബഹുഭൂരിപക്ഷവും തീർപ്പാക്കിയതോടെ അപേക്ഷകരും സന്തോഷത്തോടെ മടങ്ങി.302അപേക്ഷകളാണ് ഈയിനത്തിൽ ലഭിച്ചത്. അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി 290അപേക്ഷകർക്കാണ് മുൻഗണന കാർഡുകൾ അനുവദിച്ചത്. 234 അന്ത്യോദയ അന്നയോജന കാർഡുകളും (മഞ്ഞ) 56പി.എച്ച്.എച്ച് (പിങ്ക്)കാർഡുകളുമാണ് നൽകിയത്.വട്ടിയൂർക്കാവിൽ വാടകയ്ക്ക് താമസിക്കുന്ന മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിലെ ശുചീകരണത്തൊഴിലാളിയായ ഭിന്നശേഷിക്കാരനായ അനിൽകുമാറിന് ഒന്നരവർഷം മുൻപാണ് വെള്ള റേഷൻകാർഡ് ലഭിച്ചത്.ഇനം മാറ്റുന്നതിനായി നിരവധി തവണ അപേക്ഷ നൽകി.ഒടുവിൽ അദാലത്തിലെത്തിയപ്പോൾ വെള്ള കാർഡ് മഞ്ഞ കാർഡായി. മുഖ്യമന്ത്രിയിൽ നിന്ന് നേരിട്ട് റേഷൻകാർഡ് ഏറ്റുവാങ്ങുമ്പോൾ വലിയ ആശ്വാസമായിരുന്നു താഹിറ ബീവിക്ക്. രോഗിയായ മകന്റെയും കൊച്ചുമകന്റെയും ഏക ആശ്രയമാണ് ബേക്കറി ജംഗ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന താഹിറ.
പിങ്ക് റേഷൻകാർഡ് ഉടമയായ താഹിറയുടെ ക്ഷേമപെൻഷനാണ് കുടുംബത്തിന്റെ ഏക ആശ്രയം. തരം മാറ്റിയ മഞ്ഞക്കാർഡ് ലഭിച്ചതോടെ ഇനി സൗജന്യ ചികിത്സ ലഭിക്കുമെന്ന ആശ്വാസത്തിലാണ് താഹിറ. ഉറ്റവരില്ലാതെ തനിച്ച് താമസിക്കുന്ന വെള്ളായണി സ്വദേശിനി സരസ്വതിയമ്മയ്ക്കും വിധവാപെൻഷനല്ലാതെ മറ്റ് വരുമാനമാർഗമില്ല. ഒന്നരവർഷമായി അപേക്ഷ നൽകി റേഷൻ കാർഡിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.ഞായറാഴ്ച രാത്രിയാണ് താലൂക്ക് അദാലത്തിൽ കാർഡ് കൈമാറുമെന്ന് സന്ദേശം ലഭിച്ചത്. മന്ത്രി ജി.ആർ.അനിലാണ് സരസ്വതിയമ്മയ്ക്ക് കാർഡ് കൈമാറിയത്.