
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വി.ജി.എഫ്) അനുവദിക്കുന്നതിൽ കേന്ദ്രത്തിന്റേത് പകപോക്കൽ സമീപനം. 817.80കോടി തരുമ്പോൾ,ഏതാണ്ട് 10000 - 12000 കോടി രൂപ തിരിച്ചടയ്ക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടുന്നു.തുച്ഛമായ തുക മുടക്കുന്ന കേന്ദ്ര സർക്കാർ വലിയ ലാഭവിഹിതം പിടിച്ചെടുക്കുന്ന അവസ്ഥയുണ്ടാവും. 817 കോടി കേരളം സ്വന്തം നിലയിൽ കണ്ടെത്തേണ്ട അവസ്ഥയാണ്.
വി.ജി.എഫ് ഒറ്റത്തവണ ഗ്രാന്റാണ്; വായ്പഅല്ല. വായ്പയായി വ്യാഖ്യാനിച്ച് പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്. വി.ജി.എഫിൽ കേന്ദ്രവിഹിതം 817.80 കോടിയും സംസ്ഥാന വിഹിതം 817.20 കോടിയുമാണ്. ലാഭവിഹിതത്തിൽ 20ശതമാനം വീതം ഓരോ വർഷവും കേന്ദ്രത്തിന് നൽകണമെന്നാണ് പുതിയ വ്യവസ്ഥ. തുറമുഖ വരുമാനവും പലിശനിരക്കിലെ മാറ്റവും പരിഗണിച്ചാൽ 817.80 കോടിക്ക് പകരം,10000 - 12000 കോടി തിരിച്ചടയ്ക്കേണ്ടിവരും.
കരാറിൽ വൈരുദ്ധ്യം
1.വി.ജി.എഫ് കരാർ കേന്ദ്രവും അദാനിയും തുക നൽകുന്ന ബാങ്കും തമ്മിലാണ്. എന്നാൽ, തിരിച്ചടയ്ക്കൽ കരാർ സംസ്ഥാന സർക്കാരും കേന്ദ്രവും തമ്മിൽ വേണമെന്നാണ് വിചിത്രമായ നിബന്ധന. ഇങ്ങനെയൊരു വ്യവസ്ഥ ഉണ്ടായിരുന്നില്ല. കൊച്ചി മെട്രോയുടെ വി.ജി.എഫ് തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. തൂത്തുക്കുടിക്കുള്ള 1411കോടി വി.ജി.എഫിന് ഇത്തരം നിബന്ധനകളില്ല.
2. പ്രവർത്തനം തുടങ്ങി ഒരുവർഷത്തിനകം കേന്ദ്രത്തിന് വി.ജി.എഫ് തുക ജി.എസ്.ടി വിഹിതമായി തിരിച്ചുകിട്ടും. കുറഞ്ഞത് 6000കോടി പ്രതിവർഷം കേന്ദ്രത്തിന് കിട്ടും.
₹4777.14 കോടി
തുറമുഖനിർമ്മാണത്തിനും അനുബന്ധ
സൗകര്യങ്ങൾക്കുമായി സംസ്ഥാനം മുടക്കുന്നത്
₹1726. 34 കോടി
ബ്രേക്ക് വാട്ടർ, ഹാർബർ
നിർമ്മാണത്തിന്
₹1115. 73 കോടി
ഭൂമിഏറ്റെടുക്കാൻ
₹76 .77കോടി
വൈദ്യുതി, ജലസ്രോതസ്
₹123.6കോടി
സാമൂഹ്യക്ഷേമ
പദ്ധതികൾക്ക്
₹135കോടി
കൺസൾട്ടൻസി, പ്രോജക്ട്
അഡ്മിനിസ്ട്രേഷൻ
₹1213. 66 കോടി
റെയിൽ കണക്ടിവിറ്റി