തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ അപകടങ്ങളും ഗതാഗതക്കുരുക്കും ചർച്ച ചെയ്യാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജുവിന്റെ അദ്ധ്യക്ഷതയിൽ 18ന് പ്രത്യേക യോഗം ചേരാൻ തീരുമാനം.പൊലീസ്,കെ.എസ്.ആർ.ടി.സി,മോട്ടോർ വാഹനവകുപ്പ് പ്രതിനിധികൾ പങ്കെടുക്കും.കെ.എസ്.ആർ.ടി.സി ബസുകളുടെ പിഴവുകൾ ഇൻസ്‌പെക്ഷൻ വിഭാഗം ഉദ്യോഗസ്ഥരും സ്വകാര്യബസുകളുടെ പിഴവുകൾ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും മറ്റു വാഹനങ്ങളെ പൊലീസും പരിശോധിക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നു.

ബസുകൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനെതിരെ കെ.എസ്‌.ആർ.ടി.സിക്ക് കഴിഞ്ഞദിവസം പൊലീസ് കത്ത് നൽകിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് ബസുകൾ നിറുത്തിയിട്ട് ജീവനക്കാർ പോകുന്നതായി കണ്ടെത്തിയെന്നും ഇതു നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് ഫോർട്ട് പൊലീസ് കത്തുനൽകിയത്. ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു കഴിഞ്ഞ ദിവസം കിഴക്കേക്കോട്ടയിൽ പരിശോധന നടത്തിയിരുന്നു.

ലൈസൻസ് റദ്ദാക്കാൻ നടപടി

അപകടത്തിന് കാരണമായ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാനും സ്വകാര്യ ബസിന്റെയും കെ.എസ്.ആർ.ടി.സി ബസിന്റെയും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.എഫ്.ഐ.ആറിന്റെ പകർപ്പ് വാങ്ങിയ ശേഷമാണ് ലൈസൻസ് റദ്ദാക്കാനുള്ള നടപടി ആരംഭിച്ചത്.