തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദി പുത്തരിക്കണ്ടത്തുനിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് മാറ്റിയത് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് പരിസരത്തെ ഗതാഗതക്കുരുക്കിലാക്കുമെന്ന് ആശങ്ക. കുട്ടികളെ സമയത്തിന് വേദിയിലെത്തിക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ കഴിയാതാവുമെന്ന വെപ്രാളത്തിലാണ് സംഘാടകരും രക്ഷിതാക്കളും. കലോത്സവം നടന്നപ്പോഴെല്ലാം തിരുവനന്തപുരത്ത് പുത്തരിക്കണ്ടമായിരുന്നു പ്രധാനവേദി. വാഹന പാർക്കിംഗ്,​ മീഡിയാ റൂമുകൾ,​ സ്റ്റാളുകൾ,​ പ്രാഥമിക സൗകര്യങ്ങൾക്കുള്ള സജ്ജീകരണങ്ങൾ,​ എന്നിവയ്ക്കെല്ലാം യഥേഷ്ടം സ്ഥലം ലഭിക്കുമെന്നതാണ് പുത്തരിക്കണ്ടത്തിന്റെ ഗുണം. ഭക്ഷണശാലയ്ക്കായി തൈക്കാട് പൊലീസ് ഗ്രൗണ്ട് ലഭിക്കാതായതോടെയാണ് പ്രധാനവേദിയുടെ കാര്യം പ്രശ്നത്തിലായത്. ഇത്തവണ ഗ്രൗണ്ട് മറ്റൊരു പരിപാടിക്കായി ബുക്ക് ചെയ്തിട്ടുള്ളതിനാലാണ് ഭക്ഷണശാലയ്ക്ക് പൊലീസ് ഗ്രൗണ്ട് ലഭിക്കാതിരുന്നത്. ഇതോടെ ഭക്ഷണശാല പുത്തരിക്കണ്ടത്തേക്കും പ്രധാനവേദി സെൻട്രൽ സ്റ്റേഡിയത്തിലേക്കും മാറ്റുകയായിരുന്നു.സുരക്ഷാകാരണങ്ങളാൽ സെൻട്രൽ സ്റ്റേഡിയത്തിൽ പാചകം ചെയ്യാനാവില്ല. ഭക്ഷണം മറ്റൊരിടത്ത് പാകംചെയ്ത് ഭക്ഷണ വിതരണപ്പന്തൽ സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കാനും ആലോചനയുണ്ട്.

പരിപാടികൾ

നീളുമോ?​

നഗരം തിരക്കിലാവുന്നതോടെ കുട്ടികളെ കൃത്യസമയത്ത് വേദികളിൽ എത്തിക്കാനാവാത്തത് പരിപാടികൾ നീണ്ടുപോകാനും ഇടയാക്കും. വേദിയും മീഡിയാ റൂമുകളും വാഹന പാർക്കിംഗും കൂടിയാകുമ്പോഴേക്കും സെൻട്രൽ സ്റ്റേഡിയം തിങ്ങിനിറയും. പ്രാഥമിക സൗകര്യങ്ങൾക്കുള്ള ക്രമീകരണങ്ങളും ബുദ്ധിമുട്ടിലാവും. പ്രസ് ക്ലബിന് സമീപത്തെ റോഡിലും വാഹനങ്ങൾ നിറയുന്നതോടെ കാൽനടയാത്രയും വാഹനയാത്രയും പ്രശ്നമാവും.