
തിരുവനന്തപുരം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വെൺപാലവട്ടം മിനി സ്റ്റേഡിയത്തിൽ ലോഡ് കണക്കിന് മാലിന്യം തള്ളി. മാലിന്യം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയുമ്പോഴും എവിടെ നിന്നാണീ മാലിന്യം നിക്ഷേപിച്ചതെന്നതിൽ നഗരസഭയ്ക്ക് ഒരു രൂപവുമില്ല. അണമുഖം വാർഡിൽ വെൺപാലവട്ടത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള മിനി സ്റ്റേഡിയത്തിലാണ് രാത്രിയുടെ മറവിൽ ലോഡുക്കണക്കിന് മാലിന്യം കൊണ്ടുതള്ളിയത്. നാട്ടുകാർ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇത്രയും വലിയൊരുപ്രശ്നം നടന്നിട്ടും തിരിഞ്ഞുനോക്കാത്ത നഗരസഭയുടെ ആരോഗ്യവിഭാഗം വെറും നോക്കുകുത്തിയാണെന്നാണ് ആക്ഷേപം.
കടകംപള്ളി സോണൽ ഓഫീസിൽ നിന്ന് മാലിന്യനിക്ഷേപം സംബന്ധിച്ച് നഗരസഭയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ തുടർനടപടി സ്വീകരിക്കേണ്ട നഗരസഭാ നേതൃത്വം മൗനം പാലിക്കുകയാണ്. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ കാര്യങ്ങൾ വ്യക്തമാകും. എന്നാൽ അതിനും അധികൃതർ തയ്യാറാകുന്നില്ല. കളിസ്ഥലത്ത് മലിന്യനിക്ഷേപം നടന്നതോടെ പ്രദേശത്തെ കുട്ടികൾക്കും യുവാക്കൾക്കും കളിക്കാൻ ഇടമില്ലാതെയുമായി.