തിരുവനന്തപുരം : പൊതുപരിപാടിക്ക് സ്വാഗതം പറഞ്ഞ കളക്ടർ അനുകുമാരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസ. മലയാളം നന്നായി സംസാരിക്കുന്നുണ്ടല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. പൊതുവേദികളിൽ സ്വാഗതപ്രസംഗം വലിച്ചുനീട്ടി സമയം കളയുന്ന പ്രാസംഗികരെ ഇടയ്ക്കിടെ അതേ വേദിയിൽ വച്ചു തന്നെ അനിഷ്ടം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി സ്വാഗതം പറഞ്ഞയാളെ പ്രശംസിച്ചത് വേറിട്ടതായി. ഇന്നലെ ഗവൺമെന്റ് വിമെൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു കളക്ടറുടെ പ്രസംഗത്തെ മുഖ്യമന്ത്രി കൈയോടെ പ്രശംസിച്ചത്. ചടങ്ങിന് സ്വാഗതം പറഞ്ഞ കളക്ടർ ആദ്യം മന്ത്രി വി.ശിവൻകുട്ടിയെ വിട്ടുപോയി.സ്വാഗതം അവസാനിപ്പിച്ചപ്പോൾ വേദിയിലിരുന്ന വി.കെ.പ്രശാന്ത് എം.എൽ.എ മിനിസ്റ്റർക്ക് സ്വാഗതം പറഞ്ഞില്ലെന്ന് ഓർമ്മിപ്പിച്ചു. മന്ത്രി ജി.ആർ.അനിലിനെ വിട്ടുപോയെന്നാണ് അനുകുമാരി കരുതിയത്. ഉടൻ ജി.ആർ.അനിലിന് വീണ്ടും സ്വാഗതം പറഞ്ഞ് കളക്ടർ സ്വാഗതപ്രസംഗം പൂർത്തിയാക്കി. ഇതോടെ ജി.ആർ.അനിലും മുഖ്യമന്ത്രിയും അത് പറഞ്ഞതാണല്ലോയെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

പിന്നാലെ ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രി കളക്ടറെ അടുത്തേക്ക് വിളിച്ച് പ്രശംസിച്ചത്. മലയാളം തെറ്റിപ്പോകാതിരിക്കാൻ കളക്ടർ നോട്ടീസിൽ ഹിന്ദിയിലും പ്രധാനപ്പെട്ട കാര്യങ്ങൾ കുറിച്ചുവച്ചിരുന്നു. ഹരിയാനയിലെ സോനിപ്പത്ത് സ്വദേശിനിയായ അനുകുമാരി ഇക്കഴിഞ്ഞ ജൂലായ് 23നാണ് തിരുവനന്തപുരം കളക്ടറായി ചുമതലയേറ്റത്. സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടറായിരിക്കെയാണ് ജില്ലാ കളക്ടറായത്.