തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ അനസിനെ മർദ്ദിച്ച സംഭവത്തിൽ അനസിനെതിരെ അദ്ധ്യാപകൻ രംഗത്ത്. കോളേജ് യൂണിയന്റെ സ്റ്റാഫ് അഡ്വൈസറായ ഡോ.അഖിൽ .സി.കെയാണ് അനസ് പറഞ്ഞതിനെതിരെ വീഡിയോ സന്ദേശവുമായി രംഗത്തെത്തിയത്.
ഡോ.അഖിലിന്റെ വാക്കുകൾ ഇങ്ങനെ
കഴിഞ്ഞ കാലങ്ങളായിട്ട് കോളേജ് യൂണിയൻ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് പോകുന്നത്. അതിനെല്ലാം കളങ്കം ചാർത്തുന്ന ചില സംഭവവികാസങ്ങൾ ഈ അടുത്ത കാലത്ത് തെറ്റായിട്ടുള്ള പ്രചരണങ്ങളിലൂടെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്കും കൊടിതോരണങ്ങൾ കെട്ടാത്തത്തിലും വിസമ്മതിച്ചതിന്റെയും പേരിൽ മർദ്ദിച്ചുവെന്നാണ് പരാതിക്കാരൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.അന്നേദിവസം യാതൊരുവിധ യൂണിയൻ പ്രവർത്തനങ്ങളും കോളേജിൽ നടന്നിട്ടില്ല. അതുനടത്താനുള്ള അനുമതി കോളേജ് കൊടുത്തിട്ടില്ല.സംഭവം നടന്ന അന്ന് കോളേജിൽ യൂണിവേഴ്സിറ്റി എക്സാം നടക്കുന്ന ദിവസമായിരുന്നു. ഈ വസ്തുതകളെല്ലാം കോളേജിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും വരെ വളരെ വ്യക്തമായറിയാം.തികച്ചും കോളേജിനെയും വിദ്യാർത്ഥികളെയും കരിവാരിത്തേക്കാനുള്ള ബോധപൂർവമുള്ള ശ്രമമാണ് നടക്കുന്നതെന്നും അഖിൽ പറഞ്ഞു.
കോളേജ് അച്ചടക്ക കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സമയം കൂടുതൽ വേണമെന്ന ആവശ്യത്തിൽ രണ്ട് ദിവസം കൂടി നീണ്ടേക്കാം.
മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി
പ്രതിപ്പട്ടികയിൽ പേര് ചേർത്തിട്ടുള്ള വിദ്യാർത്ഥികൾ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി.ഇതുകാരണം ഉടനടി അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് പൊലീസ്.