വിതുര: വിതുര- നന്ദിയോട് പാലോട് റോഡിൽ അപകടങ്ങൾ പതിവായിട്ടും നടപടിയെടുക്കാതെ അധികൃതർ. നന്ദിയോട്, പാലോട്, മടത്തറ, കുളത്തൂപ്പുഴ, തെൻമല, ചെങ്കോട്ട, പെരിങ്ങമ്മല, വിതുര, നെടുമങ്ങാട്, ആര്യനാട് ഭാഗത്തേക്കായി ആയിരങ്ങൾ കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണിത്. മാത്രമല്ല അനവധി സ്കൂൾ വാഹനങ്ങളും ഇതിലെ പോകുന്നുണ്ട്. അനവധി അപകടങ്ങളും, അപകടമരണങ്ങളും നടന്നിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. റോഡ് നിയമങ്ങൾപാലിക്കാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്. ഇതിനിടയിൽ ബൈക് റേസിംഗ് സംഘങ്ങളും കളംനിറഞ്ഞാടുകയാണ്. വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങളുടെ ഗ്രാഫ് ഉയരാൻ കാരണം.
 കാൽനടയും വയ്യ
ലഹരിവില്പനസംഘങ്ങളും റോഡിലൂടെ അമിതവേഗത്തിൽ ചീറിപ്പായുന്നുണ്ട്. കാൽനടയാത്രികരാണ് ഏറെ വലയുന്നത്. റോഡരികിലൂടെ സൂക്ഷിച്ചുനടന്നില്ലെങ്കിൽ ഇടി ഉറപ്പാണ്. അമിതവേഗക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയില്ല. വിതുര പാലോട് റോഡിലെ അപകടം ചൂണ്ടിക്കാട്ടി കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തകർന്നുകിടന്ന വിതുര പാലോട് റോഡ് അടുത്തിടെ ടാറിംഗ് നടത്തിയിരുന്നു. ഇതോടെയാണ് അപകടങ്ങളുടെ എണ്ണം വർദ്ധിച്ചത്.
മരണം തുടരുന്നു
റോഡിൽ അപകടമരണങ്ങൾ തുടരുകയാണ്. പത്ത് വർഷത്തിനിടയിൽ എട്ട് മരണങ്ങളാണ് നടന്നത്. റോഡ് കുരുതിക്കളമായിട്ടും പരിശോധനകളില്ല. ഒരാഴ്ച മുമ്പ് ചെറ്റച്ചൽ ഇടമുക്കിന് സമീപം ബൈക്കപകടത്തിൽ ഒരു യുവാവ് മരിച്ചു. ഇതിനടുത്തുതന്നെ ജീപ്പപകടത്തിൽ നേരത്തേ ഒരാൾ മരണപ്പെട്ടിരുന്നു. മരുതുംമൂട് ദർപ്പയിൽ നടന്ന അപകടങ്ങളിൽ ഒരു പൊലീസുകാരനും, ഒരുവീട്ടമ്മയും മരച്ചു. മേലേകൊപ്പം ജംഗ്ഷന് സമീപം നടന്ന അപകടത്തിൽവിതുര സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ ജീവനും നഷ്ടമായി. കൊപ്പം ജംഗ്ഷനു താഴെ നടന്ന ബൈക്കപകടത്തിൽ വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാൻ മരിച്ചു. മരണപരമ്പരതന്നെ നടന്നിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല.