
പള്ളിക്കൽ: ഗുരുമന്ദിരം മൂതലപാലം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളേറെയാവുന്നു. മെറ്റലുകൾ ഇളകി റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടതോടെ കാൽനടയാത്രയ്ക്ക് പോലും ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു. ഈ പ്രദേശത്തുള്ള പാൽ സൊസൈറ്റിയിലും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുടെ കാര്യാലയത്തിലേക്ക് വളർത്തുമൃഗങ്ങളെ എത്തിക്കുന്നതിനായി കർഷകരും ബുദ്ധിമുട്ടുന്നുണ്ട്. വളഞ്ഞുപുളഞ്ഞ പാതയിൽ മെറ്റലും ടാറുമിളകി കുഴികൾ രൂപപ്പെട്ടു. സ്ത്രീകളുൾപ്പെടെയുള്ള ഇരുചക്ര വാഹനയാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നതായി പരാതിയുണ്ട്. സ്കൂൾ ബസുകളും ജഡായുപ്പാറ സന്ദർശിക്കാനെത്തുന്ന വിദേശികളുൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെയും മറ്റു നൂറുകണക്കിന് വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നു. റോഡിന്റെ വശങ്ങളിൽ ഓടനിർമ്മിച്ചിട്ടില്ലാത്തതിനാൽ മഴക്കാലങ്ങളിൽ റോഡേത് തോടേതെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. റോഡിന്റെ ശോചനീയാവസ്ഥമൂലം ഓട്ടോറിക്ഷകളുൾപ്പെടെയുള്ള വാഹനങ്ങൾ സവാരിക്ക് മടികാണിക്കുന്നു. അനുവദിച്ചതിലും കൂടുതൽ ഭാരമുള്ള വാഹനങ്ങളുടെ സഞ്ചാരവും റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിലെ അധികൃതരുടെ അനാസ്ഥയുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഭാരവാഹനങ്ങളുൾപ്പെടെയുള്ളവയ്ക്ക് സഞ്ചാരയോഗ്യമായ തരത്തിൽ ആധുനിക നിലവാരത്തിൽ റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് സമീപവാസികൾ ഒപ്പിട്ട മെമ്മോറാൻഡം അധികാരികൾക്ക് സമർപ്പിച്ചു.