
മൂന്നാം ലോക രാജ്യങ്ങൾ അസ്ഥിരവും അവികസിതവുമായി തുടരേണ്ടത് വൻകിട സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ ആവശ്യമാണ്. പ്രത്യേകിച്ച് അമേരിക്കയുടെ താത്പര്യം അതാകുന്നതിന് പലതാണ് കാരണങ്ങൾ. അസ്ഥിരതയും സംഘർഷവും നിലനിൽക്കുന്ന രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്നത്. അതിനു പണമില്ലാത്ത രാജ്യമാണെങ്കിൽ അവർക്കുള്ള പണം നൽകാൻ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള വേൾഡ് ബാങ്ക് തുടങ്ങിയ ഏജൻസികൾ തയ്യാറാകും. ഈ രാജ്യങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്കായി പണം നൽകുന്നു എന്നത് ലോകത്തെ ബോദ്ധ്യപ്പെടുത്താനുള്ള ഒരു പുകമറ മാത്രമാണ്. ഈ പണത്തിന്റെ സിംഹഭാഗവും ആയുധം വാങ്ങാനാണ് ചെലവഴിക്കപ്പെടുന്നത്. അതായത് അമേരിക്ക നൽകുന്ന പണം അധികം വൈകാതെ അവരുടെ നാട്ടിൽത്തന്നെ തിരിച്ചെത്തും!
വൻ വായ്പ വാങ്ങിയ രാജ്യങ്ങളാകട്ടെ വർഷങ്ങളോളം അമേരിക്കയുടെ ആജ്ഞാനുവർത്തികളാകാൻ നിർബന്ധിതരാകുന്ന കടക്കെണിയിലാവുകയും ചെയ്യും. അമേരിക്കൻ ചാര സംഘടനകൾ നേരിട്ടും അല്ലാതെയും ഇത്തരം പ്രവർത്തനങ്ങൾ വിജയിപ്പിക്കാനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും പണം ചെലവഴിക്കുകയും ചെയ്യും. സമാധാനം പുലരുന്ന രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ചില മാദ്ധ്യമങ്ങളിലൂടെയും വിലയ്ക്കെടുക്കപ്പെട്ട ചില നേതാക്കളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും, അമേരിക്കയുടെയും മറ്റ് വൻകിട സാമ്പത്തിക ശക്തികളുടെയും ഏജന്റുമാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി എന്ന രീതിയിൽ ഇവർ അവതരിപ്പിക്കുന്ന പല വാർത്തകളിലും സത്യത്തിന്റെ തരി പോലും കാണില്ല. ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന ഇത്തരം വാർത്തകൾ ഉപയോഗിച്ച് ഭരണകൂടങ്ങളെ അട്ടിമറിക്കാൻ പോലും കഴിയുന്ന 'ഡീപ് സ്റ്റേറ്റാ"യി അമേരിക്കയിൽ പ്രവർത്തിക്കുന്ന നിരവധി ശക്തികേന്ദ്രങ്ങളുണ്ട്.
അതിന്റെ ശക്തനായ വക്താവാണ് അമേരിക്കയിലെ ശതകോടീശ്വരനായ ജോർജ് സോറോസ്. അമേരിക്കയും സോറോസുമൊക്കെ ഫണ്ട് ചെയ്യുന്ന ഒരു മാദ്ധ്യമ കൂട്ടായ്മയാണ് ഒ.സി.സി.ആർ.പി എന്ന 'ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട്." ഇന്ത്യാ വിരുദ്ധരായ നിരവധി മാദ്ധ്യമപ്രവർത്തകർ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. പാകിസ്ഥാനിലെയും ബംഗ്ളാദേശിലെയും ചില അന്വേഷണാത്മക പത്രപ്രവർത്തകരും ഇതിന്റെ ഭാഗമാണ്. ഇന്ത്യൻ മാദ്ധ്യമങ്ങളിൽ ഏറെക്കാലം വിവാദത്തിനും ഒച്ചപ്പാടിനും ഇടയാക്കിയ 'പെഗാസസ്" വെളിപ്പെടുത്തൽ നടത്തിയത് ഒ.സി.സി.ആർ.പിയാണ്. ഇസ്രയേൽ നിർമ്മിതമായ 'പെഗാസസ്" എന്ന സോഫ്ട്വെയർ ഉപയോഗിച്ച് പ്രതിപക്ഷത്തെ പ്രമുഖരുടെയും നിരവധി മാദ്ധ്യമസ്ഥാപനങ്ങളിലെ ഉയർന്ന എഡിറ്റർമാരുടെയും ഫോൺ കേന്ദ്ര സർക്കാർ ചോർത്തുന്നു എന്നതായിരുന്നു ആരോപണം.
എന്നാൽ, സുപ്രീംകോടതി നിയോഗിച്ച സാങ്കേതിക സമിതിയുടെ അന്വേഷണത്തിൽ ഈ ആരോപണം വെറും ഉണ്ടയില്ലാ വെടിയായിരുന്നു എന്നാണ് തെളിഞ്ഞത്. അദാനിക്കെതിരെയുള്ള ഹിൻഡൻബർഗ് റിപ്പോർട്ടുകളുടെ വിശ്വാസ്യതയും ഇതുപോലെ സംശയാസ്പദമാണ്. അദാനിയിലൂടെ മോദിയെ വിമർശിക്കുക എന്നതാണ് ഇത്തരം വ്യാജ പ്രചാരണങ്ങളുടെ പ്രധാന ലക്ഷ്യം. രാഹുൽഗാന്ധിയും ജോർജ് സോറോസും ഒ.സി.സി.ആർ.പിയുമായി ചേർന്ന് ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ബി.ജെ.പി എം.പി നിഷ്കാന്ത് ദുബെ കഴിഞ്ഞ ദിവസം ലോക്സഭയിലും, സുധാംശു ത്രിവേദി രാജ്യസഭയിലും ആരോപണം ഉന്നയിക്കുകയാണ്. സോണിയാഗാന്ധി സഹാദ്ധ്യക്ഷയായ 'ഫോറം ഒഫ് ഡെമോക്രാറ്റിക് ലീഡേഴ്സ് ഇൻ ഏഷ്യ പസഫിക്" എന്ന സംഘടനയ്ക്ക് സോറോസ് പണം നൽകുന്ന സംഘടനയുമായി ബന്ധമുണ്ടെന്നും ജമ്മുകാശ്മീരിനെ ഇന്ത്യയിൽ നിന്ന് സ്വതന്ത്രമാക്കണമെന്നതാണ് ഇവരുടെ ആശയമെന്നും ബി.ജെ.പി ആരോപിച്ചിരിക്കുകയാണ്. ഗുരുതരമായ ഈ ആരോപണങ്ങൾക്ക് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ബാദ്ധ്യതപ്പെട്ട പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽഗാന്ധി ജനങ്ങളോട് വിശദീകരണം നൽകേണ്ടതാണ്.